Timely news thodupuzha

നന്മവറ്റാത്ത കാവലാൾ: ജനമനസ്സുകളിൽ ഇടംനേടി ക്രൈംബ്രാഞ്ച് എ.എസ്.ഐ ജയകുമാർ

തൊടുപുഴ: പൊലീസിനെതിരെ ആക്ഷേപങ്ങളും പരാതികളും ഉയരുന്ന വർത്തമാനകാലത്ത്, സഹജീവിസ്നേഹത്തിൻ്റെയും കർത്തവ്യബോധത്തിൻ്റെയും അപൂർവ്വ മാതൃകയായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ. അപകടത്തിൽപ്പെട്ടവർക്ക് അർദ്ധരാത്രിയിലും താങ്ങും തണലുമായി മാറിയ ക്രൈംബ്രാഞ്ച് എ.എസ്.ഐ ജയകുമാറിൻ്റെ പ്രവൃത്തി സേനയ്ക്കാകെ അഭിമാനവും മാതൃകയുമാകുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

ജില്ലാതല ചെസ്സ് മത്സരത്തിൽ പങ്കെടുക്കാനായി കട്ടപ്പനയ്ക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ ഇടുക്കി വനത്തിനുള്ളിൽ, മീൻമുട്ടിക്കും പൊലീസ് ക്യാമ്പ് ഓഫീസിനും ഇടയിൽ വച്ച് മരത്തിലിടിച്ച് താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന കരിമണ്ണൂർ സെൻ്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ജോസഫ് സാജൻ, ഫ്രാൻസിസ് ജിജോ, വാഹനം ഓടിച്ച ജോയി മാണിക്കുന്നേൽ എന്നിവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിലെത്തിയ ഇവർ മറ്റൊരു കാറിന് കൈ കാണിച്ച് നിർത്തി അതിൽ കയറി ആശുപത്രിയിലെക്ക് പുറപ്പെട്ടു. പോകും വഴി പൈനാവ് ജംഗ്ഷനിൽ വച്ച് എ.എസ്.ഐ ജയകുമാറിനെ കണ്ട് വിവരമറിയിച്ചു. തുടർന്നങ്ങോട്ട് ഈ പൊലീസ് ഉദ്യോഗസ്ഥൻ കാണിച്ച കാരുണ്യം വാക്കുകകൾക്ക് അപ്പുറമായിരുന്നു. അപകടത്തിൽപ്പെട്ടവരെ ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ച് പ്രാഥമിക ശുശ്രൂഷയും ഭക്ഷണവും ഉറപ്പാക്കിയ അദ്ദേഹം, രാത്രി ഒരു മണിക്ക് റിക്കവറി വാൻ ഉപയോഗിച്ച് കാർ റോഡിലേക്ക് കയറ്റുന്നത് വരെയും ഒപ്പം നിലയുറപ്പിച്ചു.

രാത്രി വൈകി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ, അർദ്ധരാത്രിയിൽ കരിമണ്ണൂരിലേക്ക് തിരികെ യാത്ര ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി അദ്ദേഹം ഇവർക്ക് പൊലീസ് ക്വാർട്ടേഴ്‌സിൽ താമസസൗകര്യമൊരുക്കി. ബുധനാഴ്ച രാവിലെ കട്ടൻചായയുമായി തങ്ങൾക്കരികിലെത്തിയ ജയകുമാർ സാറിൻ്റെ മുഖം ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ലെന്ന് അപകടത്തിൽപ്പെട്ടവർ കണ്ണുനിറഞ്ഞ ഓർമ്മകളോടെ പങ്കുവെക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ തുണയാകുന്നവരാണ് യഥാർത്ഥ മനുഷ്യരെന്നും, അത് ക്രമസമാധാന പാലകരിലെത്തുമ്പോൾ അവരുടെ മഹത്വം ഇരട്ടിയാകുമെന്നും ഇവർ ഓർമ്മിപ്പിക്കുന്നു. നാടിൻ്റെ നന്മയായ ജയകുമാർ സാറിനും കേരള പൊലീസിനും ബിഗ് സല്യൂട്ട് നൽകുകയാണ് നാട്ടുകാരും ഈ കുടുംബവും.

Leave a Comment

Your email address will not be published. Required fields are marked *