ചെന്നൈ: കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ്. എൻ. മേരി വിൽസൺ അവതരിപ്പിച്ച വിജയ് സർക്കാരിൻറെ ആദ്യ ബജറ്റിനിടെ മുല്ലപ്പെരിയാറിനെക്കുറിച്ച് പരാമർശിച്ചതാണ് മലയാളികളിൽ ആശങ്ക ഉണ്ടാക്കിയത്. മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജലനിരപ്പ് ഉയർത്തുമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. പുതിയ ഡാം നിർമിക്കില്ലെന്നും തമിഴ്നാടിന് ആവശ്യമായ ജലം നേടിയെടുക്കുമെന്നും അദ്ദേഹം ബജറ്റിനിടെ പറഞ്ഞു. ദീർഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവയ്ക്കായും സർക്കാർ മുന്നോട്ട് പോവുമെന്നായിരുന്നു മേരി വിൽസൻറെ പരാമർശം. മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജലനിരപ്പ് 142 അടിയാക്കാൻ സുപ്രീം കോടതി തമിഴ്നാടിന് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. എന്നാൽ കേരളം ആശങ്ക അറിയിച്ചതോടെ ജലനിരപ്പ് 136 അടിയായി തന്നെ നിലനിർത്തുകയായിരുന്നു. എന്നാൽ കേരളത്തിൻറെ ആശങ്ക തള്ളിയാണ് തമിഴ്നാടിൻറെ പുതിയ പ്രഖ്യാപനം.
കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ്






