തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടെ പ്രകോപനപരമായ പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്ന തമിഴ്‌നാട് സർക്കാരിന്റെ നിലപാട് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡീൻ കുര്യാക്കോസ്.
തമിഴ്‌നാടിന് ദോഷകരമായ ഒന്നും കേരളം ചെയ്തിട്ടില്ലെന്നും ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ സഹോദരങ്ങളെപ്പോലെയാണ് കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അണക്കെട്ട് തകരാൻ അനുവദിച്ച് അതിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ തമിഴ്‌നാട് സർക്കാർ മുതിരുമെന്ന് കരുതുന്നില്ല. അണക്കെട്ട് തകർന്നാൽ കേരളം തകരും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അതുകൊണ്ടുതന്നെ പുതിയ ഡാം എന്ന ചർച്ച സജീവമായി മുന്നോട്ട് പോകേണ്ടതുണ്ട്.

വിഷയം നിലവിൽ നാഷണൽ ഡാം സേഫ്റ്റി അതോറിറ്റിയുടെ (എൻ.ഡി.എസ്) പരിഗണനയിലാണ്. എൻ.ഡി.എസിന്റെ ആഭിമുഖ്യത്തിൽ അണക്കെട്ടിൽ ഉടൻ തന്നെ പരിശോധന നടക്കാൻ പോകുകയാണ്. വിഷയത്തിൽ കേരളത്തിന്റെ വ്യക്തമായ നിലപാട് പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും എം.പി കൂട്ടിച്ചേർത്തു.






