കോതമംഗലം: കന്നി 20 പെരുന്നാളിൻറ പ്രധാന ദിവസങ്ങളായ 2ആം തീയതി നടന്ന വിശുദ്ധ കുർബ്ബാനക്ക് അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനി വിശുദ്ധ മുന്നിന്മേൽ കുർബാനക്ക് പ്രധാന കാർമ്മികത്വം വഹിച്ചു. വന്നു ചേർന്ന എല്ലാ തീർത്ഥാടകർക്കും നേർച്ചക്കഞ്ഞി പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വിതരണം ചെയ്തു.

മേമ്പൂട്ടിൽ നിന്നും പള്ളി ഉപകരണങ്ങളും 151 പൊൻ വെള്ളി കുരിശുകളും ആഘോഷപൂർവ്വം പള്ളിയകത്ത് കൊണ്ടു പോയി5 മണിക്ക് വിവിധ മേഖലകളിൽ നിന്ന് എത്തിച്ചേർന്ന കാൽനട തീർത്ഥാടക സംഘത്തിന് പള്ളി കാര്യത്തിൽ നിന്നും സ്വീകരണം ക്രമീകരിച്ചിരുന്നു. ബഹു. വൈദീകരും ഭരണസമിതിയും ഇടുക്കി MP അഡ്വ. ഡീൻ കുര്യാക്കോസ്, കോതമംഗലം MLA ഷിബു തെക്കുംപുറം, മുൻ എംഎൽഎ ആൻ്റണി ജോൺ മറ്റ് ജനപ്രതിനിധികളും ചേർന്ന് സ്വീകരണം നൽകി.ഹൈറേഞ്ച് മേഖല തീർത്ഥാടകരെ കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻ മേഖല തീർത്ഥാടകരെ മുവാറ്റുപുഴ കവലയിലും, വടക്കൻ മേഖല തീർത്ഥാടരെ ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖല തീർത്ഥാടകരെ ചക്കാലക്കുടി ചാപ്പലിലും സ്വീകരിച്ചു. വൈകീട്ട് 6:30ന് നടത്തപ്പെട്ട സന്ധ്യാ നമസ്കാരത്തിന് ശേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയും പരിശുദ്ധ സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും പങ്കു ചേർന്നു.

രാത്രി പത്തിന് നഗരം ചുറ്റിയുള്ള പ്രദക്ഷിണം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയിലും, സെന്റ് ജോർജ് കത്തീഡ്രൽ, മലയിൻകീഴിലുളള കുരിശ്, MBMM ആശുപത്രി, ടൗൺ കുരിശ് എന്നിവിടങ്ങളിൽ കൂടി മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ റോഡ് വഴി പള്ളിയിൽ എത്തിച്ചേർന്നു. പ്രധാന പെരുന്നാൾ ദിവസമായ 3 ആം തീയതി ശനിയാഴ്ചയിലെ ആദ്യത്തെ വി. കുർബാനക്ക് അഭിവന്ദ്യ ഡോ. എബ്രഹാം മോർ സേവേറിയോസ് തിരുമേനിയും, രണ്ടാമത്തെ വിശുദ്ധ കുർബ്ബാനക്ക് അഭിവന്ദ്യ ഡോ. തോമസ് മോർ തീമോത്തിയോസ് തിരുമേനിയും, മൂന്നാമത്തെ വിശുദ്ധ കുർബ്ബാനക്ക് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ കാർമികത്വം വഹിക്കും. 2 മണിക്ക് പരിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവയുടെ പാദം സ്പർശനത്താൽ അനുഗ്രഹീതമായ ചക്കാലക്കുടി ചാപ്പലിലേക്ക് പ്രദക്ഷിണം നടത്തപ്പെടും. 5 മണിക്ക് പള്ളി ഉപകരണങ്ങൾ തിരികെ മേമ്പൂട്ടിലേക്ക് കൊണ്ടു പോകും. നാളെ (4/10/26) രാവിലെ 6:30 ന് ഡോ. ഏലിയാസ് മോർ അത്താനാസിയോസ് തിരുമേനിയും 8:15 ന് അഭിവന്ദ്യ മാത്യൂസ് മോർ അപ്രേം തിരുമേനിയും വിശുദ്ധ കുർബ്ബാനക്ക് കാർമ്മികത്വം വഹിക്കും.10 മണിയോടെ ഗജവീരന്മാർ ബാവായുടെ കബർ വണങ്ങുവാൻ എത്തിച്ചേരും. 4 മണിക്ക് പരിശുദ്ധനായ യൽദോ ബാവായുടെ 341 ആം ഓർമ്മപ്പെരുന്നാളിന്റെ കൊടി ഇറങ്ങും.11 ആം തീയതി വരെ ദീപാലങ്കാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. പെരുന്നാൾ ക്രമീകരണങ്ങൾക്ക് ബഹു.വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ ,സഹ വികാരിമാർ, തന്നാണ്ട് ട്രസ്ററിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.






