ഇടുക്കി: പ്രകൃതിഭംഗി കൊണ്ട് ശ്രദ്ധേയമായ പഴയരിക്കണ്ടം വെള്ളച്ചാട്ടം കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പദ്ധതി യാഥാർഥ്യമാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച പദ്ധതിക്ക് 2024 നവംബർ 7-ന് ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം കാരണം സാങ്കേതിക അനുമതി ലഭിക്കാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചത്. ജലസേചന വകുപ്പ് നബാർഡിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ചെക്ക് ഡാമുകൾ നിർമ്മിച്ച് അവിടെ നിന്നും ജലം പമ്പ് ചെയ്ത് സമീപപ്രദേശങ്ങളിലെ കാർഷിക മേഖലകളിലേക്ക് എത്തിക്കുക എന്നരീതിയിലായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വലിയതോതിൽ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളാണ്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്ന്
പ്രദേശവാസികളായ വാവച്ചൻ പെരുവിലങ്ങാട്ട്, കെ.എസ്. ഹരിദാസ് എന്നിവർ പറഞ്ഞു.
ഏഴ് ചെക്ക് ഡാമുകൾ, ഒരു പാലം, വെള്ളച്ചാട്ടത്തിന്റെ വശങ്ങളിലൂടെ സ്റ്റെപ്പുകൾ, താഴ്ഭാഗത്ത് തടാകം, കൊട്ടവഞ്ചി ഉൾപ്പെടെയുള്ള ടൂറിസം സൗകര്യങ്ങൾ, പഴയരിക്കണ്ടം ടൗണിലേക്ക് ലിങ്ക് റോഡ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി നടപ്പാകുന്നതോടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നതിനൊപ്പം പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്കും പ്രയോജനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
പഴയരിക്കണ്ടം പുഴ താഴേക്ക് ഒഴുകി വട്ടോൻപാറ വെള്ളച്ചാട്ടമായും തുടർന്ന് പുന്നയാർ വെള്ളച്ചാട്ടമായും മാറുന്നു. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ജലസമൃദ്ധിയും നിറഞ്ഞ ഈ പ്രദേശത്തെ വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയമായ ഇടമാക്കി മാറ്റാൻ പദ്ധതിക്ക് കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.






