പതിപ്പള്ളി: 30 വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്ത് പതിപ്പള്ളി വാർഡിൽ പതി ക്ഷേത്രത്തിന് സമീപം നിർമ്മിച്ച വർഷങ്ങളായി മണ്ണ് മൂടി ഉപയോഗശൂന്യമായി കിടന്നിരുന്ന പൊതുകുളം തൊഴിലുറപ്പ് പ്രവർത്തകർ പുനർനിർമ്മിച്ചു. ചേറാടി പ്രദേശത്തെ എല്ലാ വീടുകളിലും ഒരു കാലത്ത് ഈ കുളത്തിൽ നിന്നുമായിരുന്നു വെള്ളം എടുത്തിരുന്നത്.
കുളത്തിൽ നിന്നും രണ്ടര കിലോമീറ്ററോളം പൈപ്പിട്ടായിരുന്നു ചേറാടിയിൽ കുടിവെള്ളം എത്തിച്ചിരുന്നത്. കുളം കാലവർഷക്കെടുതിയിൽ പരിപൂർണ്ണമായി മൂടി പോവുകയും, പൈപ്പുകൾ ഇല്ലാതായതും, ചേറാടിയിൽ പുതിയ കുടിവെള്ള പദ്ധതികൾ വന്നതും മൂലം ഈ കുളം ആരും തിരിഞ്ഞ് നോക്കാതെ വർഷങ്ങളായി മണ്ണും, കല്ലും, കാടും മൂടി കിടക്കുകയായിരുന്നു. ആഴ്ചകളോളം തൊഴിലുറപ്പ് പ്രവർത്തകർ വളരെയേറെ കഷ്ടപ്പെട്ടാണ് ഈ കുളം പുനർനിർമ്മിച്ചത്.
18ന് രാവിലെ 11ന് കുളത്തിൻ്റെ ഉദ്ഘാടനം നടത്തും. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികളും, ജില്ലയിലെ ഉന്നതരായ വിവിധ ഉദ്യോഗസ്ഥരും, തൊഴിലുറപ്പ് സ്റ്റാഫുകളും പങ്കെടുക്കുന്ന പരിപാടി ആഘോഷമാക്കുമെന്ന് നാട്ടുകാർ അറിയിച്ചു. ഇതിനായി നന്നാക്കിയ കുളം സിമൻറ് തേച്ചുമിനുക്കി, വൈറ്റ് സിമൻറ് അടിച്ച് ക്ലോറിനേഷനും നടത്തിക്കഴിഞ്ഞു. ആഴത്തിൻ പന അടക്കം വിവിധ തരം പനകളുടെ ഓലകൾ മെടഞ്ഞും, ഓലകളിൽ നിർമ്മിച്ച വിവിധ കളിപ്പാട്ടങ്ങൾ, വർണകടലാസുകൾ എന്നിവ കൊണ്ട് അലങ്കരിച്ചും, കുരുത്തോല വിരിച്ചും പരിപാടി വൻവിജയമാക്കുവാനുള്ള ശ്രമത്തിലാണ് പതിപ്പള്ളിയിലെ ജനങ്ങൾ.






