Timely news thodupuzha

രാജാക്കാട്‌ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ജനാർദ്ധനൻ (91) അന്തരിച്ചു.

ഇടുക്കി: ജില്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പാർട്ടി സംഘാടകരിലൊരാളായിരുന്ന ശ്രീ. എം ജനാർദ്ധനൻ (91 വയസ്സ്‌) വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം ഇന്നുരാവിലെ തൊടുപുഴ സെന്റ്‌ മേരീസ്‌ ഹോസ്പിറ്റലിൽ വച്ച്‌ അന്തരിച്ചു.

തൊടുപുഴ താലൂക്കിലെ നടുക്കണ്ടത്ത്‌ നീലിയാനിക്കുന്നേൽ മാധവന്റേയും പാപ്പിയമ്മയുടേയും മൂത്ത മകനായി ജനിച്ച അദ്ധേഹം ഇടുക്കി ജില്ലയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അനശ്വര രക്തസാക്ഷി സഖാവ്‌ കെ എസ്‌ കൃഷ്ണപിള്ളയ്ക്കൊപ്പം വിദ്ധ്യാർത്ഥി കാലഘട്ടം മുതൽ തന്നെ പാർട്ടി പ്രവർത്തനങ്ങളിൽ പങ്കാളിയായി‌.
അന്തരിച്ച മുൻ ഉടുമ്പഞ്ചോല എം എൽ എ സഖാവ്‌ എം ജിനദേവന്റെ ജേഷ്ഠ സഹോദരനായ ജനാർദ്ധനൻ 1979 മുതൽ ദീർഘകാലം രാജാക്കാട്‌ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും, തൊഴിലാളി സംഘടനയും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ഹൈറേഞ്ചിൽ വേരുറപ്പിക്കുന്നതിലും വലിയ സംഭാവന നൽകിയിട്ടുള്ള ഒരു രാക്ഷ്ട്രീയ വ്യക്തിത്വമായിരുന്നു സഖാവ്‌ എം ജനാർദ്ധനൻ. കുടിയേറ്റ കർഷകരുടെ ഹൈറേഞ്ചിലെ ഒരു പ്രമുഖ കേന്ദ്രമായി രാജാക്കാടിനെ മാറ്റിത്തീർക്കുന്നതിൽ, രാജാക്കാടിലെ ആദ്യകാല കുടിയേറ്റ കുടുംബമായ നീലിയാനിക്കുന്നേൽ കുടുംബാംഗമായ ശ്രീ എം ജനാർദ്ധനന്റെ പങ്ക്‌ എടുത്തു പറയേണ്ടതാണു. ഇന്ന് ഇടുക്കി ജില്ലയിലെ ഒരു പ്രാധാന വ്യാപാര ടൂറിസ്റ്റ്‌ കേന്ദ്രമായി രാജാക്കാട്‌ മാറിയതിനു പിന്നിൽ ശ്രീ എം ജനാർദ്ധനൻ രാജാക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരിക്കുമ്പോൾ നടപ്പാക്കിയ ഭാവനാപൂർണ്ണമായ വികസനപദ്ധതികൾക്ക്‌ വലിയ പങ്കുണ്ട്‌.

രാക്ഷ്ട്രീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ ഹൈറേഞ്ചിലെത്തിയിരുന്ന ഇ എം എസ്‌, എ കെ ജി, നായനാർ, വി എസ്സ്‌, സി എച്ച്‌ കണാരൻ അടക്കമുള്ള പ്രമുഖ സി പി ഐ എം നേതാക്കൾ തങ്ങിയിരുന്നത്‌ രാജാക്കാട്‌ ടൗണിൽ തന്നെയുള്ള എം ജനാർദ്ധനന്റെ വസതിയിലായിരുന്നു.

ഭാര്യ ഭവാനി, മക്കൾ- ഗീതാറാണി, എൻ ജെ സാബു, കുഞ്ഞുമോൻ;
മരുമക്കൾ- അജയകുമാർ, ഗീതാ, കല;
കൊച്ചുമക്കൾ- അനീഷ, അജിത്, അഭിരാമി, അരവിന്ദ്‌, അഭിനന്ദ്‌‌.

സഹോദരങ്ങൾ:
പരേതരായ ദേവകി, ജാനകി, സരോജിനി, എം.ജിനദേവൻ (മുൻ എം.എൽ.എ), രവീന്ദ്രൻ, നടരാജൻ.
സഹോദരിമാരായ സരള നാരായണൻ,
യശോധര സോമൻ, ചന്ദ്രിക സഹദേവൻ എന്നിവർ ജീവിച്ചിരിക്കുന്നു.

സംസ്കാര ചടങ്ങുകൾ (28/02/2024) ബുധനാഴ്ച രാവിലെ 11 മണിക്ക്‌ രാജാക്കാട്‌ ടൗണിലുള്ള വീട്ടുവളപ്പിൽ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *