തിരുവനന്തപുരം: ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കി അഞ്ചാം ദിവസമായപ്പോഴേക്കും ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന തെറ്റായ നയങ്ങൾക്കെതിരായി ദ്വീപ് നിവാസികൾ പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലുണ്ടായ സംഭവങ്ങളുടെ പേരിലായിരുന്നു തടവ് ശിക്ഷ.
ഉപതെരഞ്ഞെടുപ്പ് നടത്താൻ ആറ് മാസം ഉണ്ടെന്നിരിക്കെ ദൃതിപിടിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അസാധാരണമായ സംഭവമാണ്. ജലന്ധർ പാർലമെന്റ് മണ്ഡലത്തിൽ ഒഴിവുണ്ടായിരുന്നിട്ടും അവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെയാണ് ഈ അസാധാരണ നടപടി ഉണ്ടായതെന്നും, എൻസിപി എംപിയായ പി പി മുഹമ്മദ് ഫൈസൽ മേൽ കോടതിയിൽ നൽകിയ അപ്പീലിന്മേൽ വിധി പറയാനുള്ള അവസരം പോലും നൽകാതെയെടുത്ത ഈ നടപടി അങ്ങേയറ്റം ദുരൂഹമാണെന്നും എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു.