കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റം ടൗണിൽ തടിലോറി മറിഞ്ഞ് അപകടം. അടിമാലി ഭാഗത്ത് നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് യൂക്കാലി തടികളുമായി പോവുകയായിരുന്ന തടിലോറിയാണ് മറിഞ്ഞത്.
ദേശീയപാതയുടെ ഭാഗമായി നെല്ലിമറ്റം ടൗണിൽ കലുങ്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കന്ന ഭാഗത്താണ് അപകടത്തിൽപെട്ടത്.
റോഡ് സൈഡിൽ വീതി കൂട്ടാനായി മെറ്റൽ നിറച്ച് ഒതുക്കിയിട്ടിരുന്ന ദുർബല പ്രദേശത്ത് കൂടി തടിലോറി കടന്നുപോകാൻ ഇ.കെ.കെ കൺസ്ട്രക്ഷൻസ് കരാർ തൊഴിലാളികൾ നിർദേശിച്ചു.
ഇതേ തുടർന്ന് വാഹനം റോഡ് സൈഡ് ചേർന്ന് കടന്ന് പോകുന്നതിനിടയിൽ ലോറിയുടെ പിൻ ചക്രം താഴുകയായിരുന്നു. ആ സമയം സമീപത്ത് ഉണ്ടായിരുന്ന ഹിറ്റാച്ചിയും ക്രെയിനും ഉപയോഗിച്ച് ലോറി താങ്ങി നിർത്താൻ ശ്രമിച്ചെങ്കിലും വാഹനം മറിയുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ടൗണിൽ ഏറെ നേരം ഗതാഗതം സ്ഥംഭിച്ചു. വെളുപ്പിനായതിനാൽ ടൗണിലെ അപകടം നടന്ന സ്ഥലത്ത് തിരക്കില്ലായിരുന്നതിനാൽ ആളപായമുണ്ടായില്ല.
അടിമാലി സ്വദേശിയുടെ ഗീവർഗ്ഗീസെന്ന പേരിലുള്ള ലോറിയാണ് അപകടത്തിൽ പെട്ടെത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കോതമംഗലം ടൗണിലും യൂക്കാലിയുമായി വന്ന തടിലോറി മറഞ്ഞിരുന്നു.






