Timely news thodupuzha

logo

ഹോളി ആഘോഷത്തില്‍ മുഴുകി മുംബൈ ന​ഗരം

മുംബൈ: നിറങ്ങളില്‍ നീരാടി നഗരം ഹോളി ആഘോഷ ലഹരിയിലേക്ക് പ്രവേശിച്ചു. ഹോളിക ദഹനത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പരസ്പരം നിറങ്ങള്‍ വാരിയെറിഞ്ഞു.

ഹൗസിങ്ങ് സൊസൈറ്റികളില്‍ പ്രത്യേകം പൈപ്പുകള്‍ വരെ തയാറാക്കിയിരുന്നു. മൈതാനങ്ങളിലും റിസോര്‍ട്ടുകളിലും സംഘമായി ഒത്തുചേര്‍ന്നുള്ള ആഘോഷങ്ങളുമുണ്ട്. ഉത്തരേന്ത്യക്കാര്‍ ഏറെയുള്ള മേഖലകളില്‍ ലഹരി കലര്‍ന്ന ബാംഗ് എന്ന സര്‍ബത്തും ഒരുക്കിയിരുന്നു. പരസ്പരം നിറം വാരി വിതറുമ്പോള്‍ ശത്രുത അലിഞ്ഞില്ലാതാകുമെന്നാണ് വിശ്വാസം.

എംഎആര്‍ഡിഎ ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന ഹോളി ആഘോഷത്തിലേക്ക് യുവതലമുറയുടെ വലിയ ഒഴുക്കുണ്ടായിരുന്നു. പ്രവേശന പാസ് വച്ചുള്ള ആഘോഷങ്ങള്‍ക്കും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇന്ന് ഒട്ടേറെ സംഗീതനിശകളും വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. മുംബൈ നഗരത്തില്‍ ഹോളി ആഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 11000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രത്യേകം പരിശോധനകളും ഉണ്ടാകും.

ബോംബ് സക്വാഡ്, ദുരന്തനിവാരണസേന തുടങ്ങിയ സംഘങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. ആഭാസകരമായ പാട്ടുകള്‍ വച്ചുള്ള നൃത്തങ്ങള്‍ക്കും മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തികളും ഉണ്ടായാല്‍ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കുമെന്ന് പൊലീസിന്‍റെ മുന്നറിയിപ്പും ഉണ്ട്.

Leave a Comment

Your email address will not be published. Required fields are marked *