പഞ്ച്കുല: ഹരിയാനയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ കാറിനുളളിൽ മരിച്ച നിലയിൽ. പ്രവീൺ മിത്തൽ, മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ എന്നിവരെയാണ് കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക പ്രതിസന്ധി കാരണം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇവരുടെ കാർ പഞ്ച്കുലയിലെ ഒഴിഞ്ഞ മേഖലയിൽ കണ്ടെത്തിയത്. കാറിൻറെ വിൻഡ് ഷീൽഡ് തുണി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.
സെക്ടർ 27ലൂടെ പോയ വഴിയാത്രക്കാരിലൊരാൾക്ക് കാറിൻറെ വിൻഡ് ഷീൽഡിലെ തുണി കണ്ട് തോന്നിയ സംശയത്തിന് പിന്നാലെയാണ് യാത്രക്കാരെ അവശനിലയിൽ കണ്ടെത്തിയത്. പൊലീസിൽ വിവരമറിയിച്ച് ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ചികിത്സയ്ക്കിടെ എല്ലാവരും മരിച്ചു. കാറിനുള്ളിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.






