തൊടുപുഴ: കരിമണ്ണൂർ പാഴൂക്കരയിൽ കിണറ്റിൽ വീണയാൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം. കമ്പോത്തുങ്കൽ വീട്ടിൽ ഇബ്രാഹിം(65) എന്നയാളാണ് അപകടത്തിൽപ്പെട്ടത്. രാവിലെ കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കാൽ തെന്നി വീഴുകയായിരുന്നു.
ചുറ്റുമതിലും, 30 അടി താഴ്ചയും ഉള്ള കിണറ്റിൽ ഏകദേശം 15 അടി വെള്ളവും ഉണ്ടായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരിൽ ഒരാൾ കിണറ്റിൽ ഇറങ്ങി ആളെ പുറത്തെത്തിക്കാൻ നോക്കിയെങ്കിലും കിണറിന്റെ ആഴം കാരണം ശ്രമം വിജയിച്ചില്ല. ഇതോടെയാണ് സഹായത്തിനായി തൊടുപുഴ അഗ്നി രക്ഷാ സേനയിൽ വിവരമറിയിക്കുന്നത്. ഉടൻതന്നെ തൊടുപുഴയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി തോമസിന്റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്തെത്തി.
സീനിയർ ഫയർ & റെസ്ക്യു ഓഫീസർ എം എൻ വിനോദ് കുമാർ കിണറ്റിൽ ഇറങ്ങുകയും അപകടത്തിൽപ്പെട്ടയാളെ റെസ്ക്യു നെറ്റിൽ കയറ്റി മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ കരക്കെത്തിക്കുകയും ചെയ്തു. തുടർന്ന് സ്വകാര്യ ആംബുലൻസിൽ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. കരിമണ്ണൂർ പോലീസും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.






