തൊടുപുഴ: വയോജനങ്ങൾക്കായി സമഗ്ര വികസന പദ്ധതി തയ്യാറാക്കി വയോജന വികസനരേഖ പ്രസിദ്ധീകരിച്ച് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ 4294 വയോജനങ്ങളെ ഉൾപ്പെടുത്തി ഉല്ലാസക്കൂട് എന്ന കൂട്ടായ്മ രൂപീകരിച്ചാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. 16 വാർഡുകളിലായി ഉല്ലാസ ക്കൂടിൻ്റെ വാർഡ് കമ്മിറ്റികളും 82 അയൽക്കൂട്ട സമിതികളും പ്രവർത്തിക്കുന്നു.
11 അംഗങ്ങളുള്ള പഞ്ചായത്ത് തല കമ്മിറ്റി മേൽനോട്ടം നിർവ്വഹിക്കും. വയോജനങ്ങൾക്കിടയിൽ നടത്തിയ സമഗ്രമായ സർവ്വേയുടെ അടിസ്ഥാനത്തിലാണ് വികസനരേഖ തയ്യാറാക്കിയിട്ടുള്ളത്. പ്രായം, തൊഴിൽ, ജീവിത സാഹചര്യം എന്നിവ കണക്കിലെടുത്ത് വിവിധ ഗ്രൂപ്പുകളായി തിരിച്ച് ആരോഗ്യ- വിനോദ- പരിജ്ഞാന- തൊഴിൽ – ക്ഷേമ- പരിചരണ പദ്ധതികളാണ് വികസന രേഖയിൽ ഉള്ളത്. വയോജന വികസന രേഖ ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമാക്കി മാറ്റി മൂന്ന് വർഷം കൊണ്ട് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ വയോജന സൗഹൃദ പഞ്ചായത്താക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വികസനരേഖ പ്രകാശനം ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അറിയിച്ചു. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ സംഘടനയായ കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷനാണ് പദ്ധതി പ്രവർത്തനങ്ങൾക്കാവശ്യമായ സാങ്കേതിക സഹായമൊരുക്കുന്നത്. വികസനരേഖ പ്രകാശനത്തിൻ്റെ ഭാഗമായി ചേർന്ന വികസന സെമിനാർ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ കെ.ബി മദൻ മോഹൻ ഉദ്ഘാടനം ചെയ്തു.
ഉല്ലാസക്കൂട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.വി ഫിലിപ്പ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വികസന രേഖ സംബന്ധിച്ച് വിവിധ വാർഡുകളിൽ നിന്നുള്ള പ്രതിനിധികളുടെ ചർച്ചയ്ക്ക് ശേഷം സെമിനാർ വികസന രേഖ അംഗീകരിച്ചു. ഉല്ലാസക്കൂട് പഞ്ചായത്ത് സെക്രട്ടറി ഗിരിജ ശശിധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് റ്റി.ജി മോഹനൻ നന്ദിയും പറഞ്ഞു.






