Timely news thodupuzha

logo

ജീവിതത്തിന്റെ ജ്ഞാനം അനിവാര്യമല്ലാത്തവയെ വിട്ടുകളയുവാൻ പഠിക്കുന്നതാണ്; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

ഉൽപ്പാദനക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഒരു ലോകവും സംസ്കാരവും നിലനിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കൂടുതൽ കാര്യങ്ങൾ ചെയ്യുക ജീവിതവിജയമായി ഈ കാലഘട്ടത്തിൽ നാം കരുതുന്നു. നമ്മൾ പലപ്പോഴും കാര്യങ്ങൾ ചെയ്തു തീർക്കുന്ന സ്വഭാവത്തെ ഒരു കലയായി കണക്കാക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യാറുണ്ട്. ചെയ്തുതീർക്കാനുള്ള കാര്യങ്ങളുടെ സമയപരിധികൾ, പട്ടികകൾ, നേട്ടങ്ങൾ – അവയെല്ലാം നമ്മുടെ മൂല്യബോധത്തിലും സ്വത്വത്തിലും അലിഞ്ഞുചേർന്നിട്ടുമുണ്ട്. എന്നാൽ, ശാന്തവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ മറ്റൊരു കലയുടെ കാര്യമോ: – കാര്യങ്ങൾ സ്വയമേവ പൂർത്തിയാകുവാൻ അനുവദിക്കുന്ന കല?

സംതൃപ്തിയുടെയും ജീവിതസാക്ഷാത്കാരത്തിന്റെയും ആഴത്തിലുള്ള ജ്ഞാനം ജോലികൾ പൂർത്തിയാക്കുന്നതിൽ മാത്രമല്ല, അനന്തമായി ജീവിതാനുഭവങ്ങളെ പുനഃ പരിശോധിക്കുവാനോ, മാറ്റങ്ങൾ വരുത്താനോ, പൂർണ്ണത കൈവരിക്കുവാനോ ഉള്ള നിരന്തരമായ പ്രേരണയെ ചെറുക്കുന്നതിലും അടങ്ങിയിട്ടുണ്ട്. “ഇത് മതി” എന്ന് പറയാനുള്ള പക്വതയാണിത്. പ്രത്യേകിച്ച് നമ്മളുടെ വികാരവിചാരങ്ങളിൽ, സംസാരങ്ങളിൽ, ബന്ധങ്ങളിൽ, ആശയങ്ങളിൽ, അമിതമായ ആസക്തികളിൽ, വ്യഗ്രതകളിൽ എല്ലാം ഇത് അടങ്ങിയിട്ടുണ്ട്. അങ്ങനെ ചെയ്യുമ്പോൾ, ചില കാര്യങ്ങൾ, ചിലപ്പോൾ സ്വയം പൂർത്തീകരിക്കുവാനുളള അവസരത്തെയും സമയത്തെയും ബഹുമാനിക്കുകയും അടുത്തതായി യഥാർത്ഥത്തിൽ പ്രാധാന്യമുള്ള കാര്യങ്ങൾക്കായി സ്വയം സ്വതന്ത്രരാകുകയും ചെയ്യുവാൻ നമുക്ക് കഴിയും. ചില കാര്യങ്ങൾ കാലം പൂർത്തീകരിക്കുവാൻ അനുവദിക്കുക.

“ജീവിതത്തിന്റെ യഥാർത്ഥ ജ്ഞാനം അനിവാര്യമല്ലാത്തവയെ ഉപേക്ഷിക്കുന്നതിലാണ്.” യഥാർത്ഥ ജ്ഞാനം കൂടുതൽ കൂട്ടി ചേർക്കുന്നതിലല്ല, മറിച്ച് വിവേകപൂർവ്വം കുറയ്ക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. നമ്മുടെ വീടുകളിലും കലണ്ടറുകളിലും മാത്രമല്ല, നമ്മുടെ മനസ്സിലും ഹൃദയങ്ങളിലുമുള്ള അനാവശ്യ ചിന്തകളും വ്യഗ്രതകളും പ്രേരണകളും കുഴപ്പങ്ങളും നീക്കം ചെയ്യാനുള്ള ധൈര്യമാണിത്. എന്ത് മുറുകെ പിടിക്കണമെന്നും എന്ത് ഉപേക്ഷിക്കണമെന്നും തിരിച്ചറിയാനുള്ള ഒരു കഴിവാണിത്.

അപ്പോൾ, വിവേകത്തോടെ ജീവിക്കുക എന്നാൽ എല്ലാം ചെയ്യുക എന്നല്ല, മറിച്ച് ശരിയായ കാര്യങ്ങൾ ചെയ്യുക എന്നതാണ് – എപ്പോൾ നിർത്തണമെന്ന് അറിയുക എന്നതാണ്. നിശ്ചലതയിൽ, കാര്യങ്ങൾ ചെയ്തു തീർക്കുവാനുള്ള ഒരു തീരുമാനത്തിൽ, നമ്മൾ നമ്മുടെ സമയവും വ്യക്തതയും സമാധാനവും അനുദിനം വീണ്ടെടുക്കുന്നു.

കാര്യങ്ങൾ ചെയ്തു തീർക്കുന്ന കലയിൽ, കാര്യങ്ങൾ ചെയ്തു തീർക്കുവാൻ അനുവദിക്കുന്നതിന്റെ മഹത്തരമായ ഒരു കലയുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *