ഇടുക്കി: അടിമാലി താലുക്കാശുപത്രിയിൽ നിന്നും റെഫർ ചെയ്ത ഗർഭിണിയുടെ കുട്ടി മരിച്ചതുമായി ബന്ധപെട്ടു ഡോക്ടറിനെയും താലൂക്ക് ആശുപത്രിയെയും പ്രതികളാക്കുന്ന തരത്തിൽ വിഷയം വളച്ചൊടിക്കാനുള്ള ചിലരുടെ ശ്രമത്തിൽ സംഘടന ശക്തമായി പ്രതിഷേധിക്കുന്നു.കൃത്യമായ നിർദ്ദേശങ്ങൾ ഡോക്ടറും ആശുപത്രിയും നൽകിയിട്ടുണ്ടായിരുന്നു എന്ന വസ്തുത മറച്ചു വെച്ച് ബന്ധുക്കളെ അനാവശ്യമായി തെറ്റിദ്ധരിപ്പിച്ച് ഡോക്ടർക്കെതിരെ വിവാദം ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതു സംഘടനക്കു അംഗീകരിക്കാൻ സാധിക്കില്ലെന്ന് കെ.ജി.എം.ഒ.എ.
കഴിഞ്ഞ മാസം 14 നു ആശുപത്രിയിൽ പനിയും വയറുവേദനയുമായി എത്തിയ യുവതിക്കു വേണ്ട പരിശോധനകൾ എല്ലാം ഡോക്ടർ നടത്തി. പ്രസവം അടുത്തതിന്റെ ഒരു ലക്ഷണവും പരിശോധനയിൽ ഇല്ലായിരുന്നു. 36 ആഴ്ച്ചയെ ഗർഭസ്ഥ സമയം ആയിട്ടും ഉണ്ടായിരുന്നുള്ളൂ. മൂത്രാ ശയ അണുബാധ പരിശോധനയിൽ ഉണ്ടായിരുന്നത് കൊണ്ടു അതിനുള്ള ചികിത്സ കൊടുക്കുകയും ചെയ്തു. വയറു വേദനയും പനിയും മാറിയ അവരെ അടുത്ത ആഴ്ച സിസേറിയന് തീയതിയും കൊടുത്താണ് ഡോക്ടർ വിട്ടത്.
പിറ്റേന്ന് ഞായറാഴ്ച അതിരാവിലെ 3 മണിക്ക് വേദന ആയിട്ട് വന്ന അവരെ പരിശോധിക്കുകയും പ്രസവത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായതിനാലും അവിടെ ഒരു അനസ്തീഷ്യ ഡോക്ടർ മാത്രം ഉള്ളതിനാലും അന്നേ ദിവസം അദ്ദേഹം ഇല്ലാത്തതിനാലും സമയം കളയാതെ അടുത്ത ആശുപത്രിയിലേക്ക് റെഫർ ചെയ്യുക ആണ് ഉണ്ടായത്.മുൻപുള്ള രണ്ടു പ്രസവം സിസേറിയൻ ആയതിനാൽ ഈ പ്രസവത്തിനും സിസേറിയൻ ആവശ്യമാണ്.
രോഗിയുടെ ലക്ഷണ ങ്ങളും പരിശോധനകളും വെച്ചാണ് ഒരു ഡോക്ടർ ചികിത്സ കൊടുക്കുന്നത്. ആ രീതിയിൽ ഉള്ള സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള കൃത്യമായ ഇടപെടൽ ഇക്കാര്യത്തിൽ ആശുപത്രിയും ഡോക്ടറും നടത്തിയിട്ടുണ്ട്.നിലവിലെ സാമൂഹിക പശ്ചാത്തലത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി സർക്കാർ ആശുപത്രികളെയും ആരോഗ്യ പ്രവർത്തകരെയും മോശക്കാരാക്കുന്ന പ്രവണത കൂടിയിട്ടുണ്ട്. വീഴ്ച്ചകളെ തുറന്നു കാട്ടുന്നതിനോ പ്രതിഷേധിക്കുന്നതിനോ സംഘടന എതിരല്ല.എന്നാൽ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കിയിട്ട് വേണം അത്തരം നടപടികൾ.
എന്നാൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതിലൂടെ ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം നശിക്കാനും ‘ പ്രതിരോധാ ത്മക ചികിത്സയിലേക്ക് മാറാനും അവർ ശ്രമിക്കും. അത് സമൂഹത്തിനു നല്ലതല്ല എന്ന് കെജിഎംഒഎ ഓർമ്മപ്പെടുത്തുന്നു. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ആരോഗ്യപ്രവർത്തകരെ മോശക്കാരാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധം അറിയിക്കുന്നു.