തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കാർഷിക തൊഴിൽ സേനയായ വെള്ളിയാമറ്റം കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ, ഈ വർഷം ഓണത്തെ വരവേൽക്കാൻ പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ മഴമറ വാടകക്ക് എടുത്ത് തിരുവാതിര ഞാറ്റുവേലയിൽ പച്ചക്കറികളും പൂക്കളും കൃഷി ആരംഭിച്ചു.
കാർഷിക കർമ്മ സേനയെ ശാക്തീകരിക്കുന്നതിന് ഉതകുന്ന പലവിധ പദ്ധതികൾ ഈ വർഷം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്. അതിന് മുന്നോടിയായി വെള്ളിയാമറ്റം പഞ്ചായത്തും കൃഷിഭവനും നൽകിയ നിർദ്ദേശം ഉൾക്കൊണ്ടാണ് കാർഷിക കർമ്മ സേനയിലെ അഞ്ച് അംഗങ്ങൾ ചേർന്ന് സ്വന്തം നിലയിൽ ഓണവിപണി ലക്ഷ്യമിട്ട് പച്ചക്കറികളും പൂക്കളും കൃഷി ആരംഭിച്ചത്. കാലവർഷം ശക്തമായി തുടരുന്ന സാഹചര്യം ആയതിനാൽ പഞ്ചായത്തിൽ തന്നെ ഉള്ള അബ്രഹാം കൂട്ടുങ്കൽ എന്ന സ്വകാര്യ വ്യക്തിയുടെ മഴമറ വാടകയ്ക്ക് എടുത്ത് കൃഷി ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് തിരുവാതിര ഞാറ്റുവേലയിൽ കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് മോഹൻദാസ് പുതുശ്ശേരി നിർവ്വഹിച്ചു.
വൈസ് പ്രസിഡൻ്റ് ഷേർളി ജോസുകുട്ടി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി ചന്ദ്രശേഖരൻ, വാർഡ് മെമ്പർ കൃഷ്ണൻ വി.കെ, കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ, കൃഷി അസിസ്റ്റൻ്റ് പി.ഡി അരുൺകുമാർ, കാർഷിക കർമ്മ സേനാ പ്രസിഡൻ്റ് ശ്രീജ പുഷ്പൻ, സെക്രട്ടറി കെ.വി വിലാസിനി, അംഗങ്ങൾ ആയ ഉഷാകുമാരി ലാൽ, റീത്ത സിബി, ചന്ദ്രിക ബാലചന്ദ്രൻ, റാണി സന്തോഷ്, ഷൈനി സജീവ് എന്നിവർ പങ്കെടുത്തു. തക്കാളി, പച്ചമുളക്, വെണ്ട, സാലഡ് കുക്കുമ്പർ, പയർ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. കൃഷി ചിലവുകൾ അംഗങ്ങൾ സ്വയം വഹിക്കും. കൃഷി സംബന്ധമായ നിദ്ദേശങ്ങൾ നൽകി കൃഷിഭവനും പഞ്ചായത്തും ഇവർക്കൊപ്പമുണ്ട്.






