ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി യു.കെയിലെത്തി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപ്പാണ് ബ്രിട്ടിഷ് തലസ്ഥാനത്തെ ഇന്ത്യൻ സമൂഹം നൽകിയത്. മോദിയുടെ സന്ദർശനത്തിലെ പ്രധാന അജൻഡകളിലൊന്ന് സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് യു.കെയുമായി ധാരണയിലെത്തുക എന്നതാണ്.
ഈ വിഷയവും ഉൾപ്പെടുത്തിയാകും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ അടക്കമുള്ള മുതിർന്ന നേതാക്കളുമായി മോദി ചർച്ചകൾ നടത്തുന്നത്. ചാൾസ് രാജാവുമായും കൂടിക്കാഴ്ച നടത്തിയേക്കും. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നൽകുന്ന സൂചന പ്രകാരം സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ ശേഷം ഇന്ത്യയിൽ നിന്നു മുങ്ങി യു.കെയിൽ അഭയം പ്രാപിച്ചിരിക്കുന്ന വിജയ് മല്യ, ലളിത് മോദി, നീരവ് മോദി എന്നിവരെ വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങളും നടത്തും. ഖാലിസ്ഥാൻ ഗ്രൂപ്പുകളുടെ സാന്നിധ്യം യു.കെയിൽ വർധിച്ചുവരുന്നതിനെ കുറിച്ച് പ്രധാനമന്ത്രി ബ്രിട്ടിഷ് നേതാക്കളുമായി സംസാരിക്കും.
യു.എസും നാറ്റോയും ഇന്ത്യയ്ക്ക് മേൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിൻറെ പേരിൽ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കെ ഈ സന്ദർശനം വളരെ പ്രധാനപ്പെട്ടതാണ്.






