Timely news thodupuzha

കായകൽപ്പ് പുരസ്കാര നിറവിൽ കോടിക്കുളം ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി

തൊടുപുഴ: കോടിക്കുളം ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിക്ക് കേരള സർക്കാരിൻറെ പ്രഥമ ആയുഷ് കായകൽപ്പ് പുരസ്കാരം. സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യ നിർമാർജനം എന്നിവയെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നൽകുന്നത്. 3 ഘട്ടങ്ങളിലായാണ് ആയുഷ് സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തിയത്.

ആദ്യ ഘട്ടത്തിൽ ഇടുക്കി ജില്ലയിലെ ഭാരതീയ ചികിത്സ വകുപ്പിന് കീഴിലെ 22ഓളം ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സ്ഥാപനങ്ങൾ അവാർഡിനായി അപേക്ഷ സമർപ്പിച്ചിരുന്നു. അതിൽനിന്നും തിരഞ്ഞെടുത്ത 12 സ്ഥാപനങ്ങളിൽ ആണ് പിയർ അസസ് മെൻറ് നടത്തിയത്.

ഇവയിൽ നിന്നും മെച്ചപ്പെട്ട നിലവാരത്തിലുള്ള എട്ട് സ്ഥാപനങ്ങളിൽ നടന്ന സംസ്ഥാന തലത്തിലുള്ള വിലയിരുത്തലിന് ശേഷമാണ് കോടിക്കുളം ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി 90.83% സ്കോർ നേടി കമൻ ഡേഷൻ പുരസ്കാരത്തിന് അർഹമായത്. 2022 -ൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി അപ്ഗ്രേഡ് ചെയ്യപ്പെട്ട കോടിക്കുളം ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി 2023 -ൽ NABH അവാർഡും കരസ്ഥമാക്കി.

കേരളത്തിലെ എല്ലാ ആയുർവേദ, ഹോമിയോ ജില്ലാ ആശുപത്രികൾ, സബ്ജില്ലാ/താലൂക്ക് ആയുഷ് ആശുപത്രികൾ, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററുകൾ എന്നിവയിൽ നിന്നും പല ഘട്ടങ്ങളായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്. സംസ്ഥാനത്തെ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റ്റി.വി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെയും മെഡിക്കൽ ഓഫീസർ ഡോ. വിജിത.ആർ.കുറുപ്പിന്റെ നേതൃത്വത്തിൽ ഡിസ്പെൻസറി ജീവനക്കാരുടെയും ഡിസ്പെൻസറി മാനേജ്മെൻറ് കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് നേട്ടം കൈവരിക്കാൻ സാധിച്ചത്. മരുന്നുകൾ വാങ്ങുന്നതിനും കെട്ടിട നിർമ്മാണത്തിനും കോടിക്കുളം ഗ്രാമപഞ്ചായത്ത് ആണ് ഫണ്ടുകൾ വകയിരുത്തുന്നത്. പാലിയേറ്റീവ് ഗൃഹ സന്ദർശനം, ഗർഭിണി- മാതൃ പരിരക്ഷ, ജീവിതശൈലി രോഗ നിയന്ത്രണം, സൗജന്യ യോഗ പരിശീലനം, രക്ത പരിശോധനകൾ, മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ സേവനങ്ങളും ഡിസ്പെൻസറിയിൽ നിന്നും ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *