ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു
ശരീരത്തെ ബഹുമാനിക്കാൻ സഹായിക്കും
നമ്മുടെ ശരീരത്തെ ബഹുമാനിക്കുന്നതിലൂടെ വാർദ്ധക്യത്തിന്റെ ശാരീരിക പ്രത്യാഘാതങ്ങളെ ചെറുക്കാൻ നമുക്കു കഴിയും. ശാരീരിക വ്യായാമം പോലെ മാനസിക ഉന്മേഷത്തിന് ശ്രദ്ധാപൂർവ്വമായ ധ്യാനം നമ്മെ വളരെ സഹായിക്കും. ഇത് മാത്രമല്ല, രോഗപ്രതിരോധനശേഷി വർദ്ധപ്പിക്കാനും മാനസികാരോഗ്യം വീണ്ടെടുക്കാനും ധ്യാനരീതി സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രസരിപ്പുള്ള വാർദ്ധക്യം
ശ്രദ്ധയോടെ വാർദ്ധക്യം പ്രാവർത്തികമാക്കുന്ന മുതിർന്ന വ്യക്തികൾ കൂടുതൽ ഭാവാത്മകമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. സാധാരണ വാർദ്ധക്യത്തിൽ എത്തിയവർ മിക്കപ്പോഴും സമയം ചെലവഴിക്കുന്നത് ചുറ്റുമുള്ള കാര്യങ്ങളിൽ അനാവശ്യമായ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്. ഇതിന്റെ അനന്തരഫലം ഭയം, പശ്ചാത്താപം, സ്വയം വിവേചനം, ജീവിതത്തോടുള്ള അതൃപ്തി, മറ്റുള്ളവരോടുള്ള കോപം എന്നിങ്ങനെ പലതുമായിരിക്കും. നമ്മുടെ ദൈനംദിന ജീവിതത്തിൽ കുറച്ചുസമയം അവധാപൂർവ്വ ജീവിതം പരിശീലിക്കാൻ സമയം കണ്ടെത്തിയാൽ ശേഷിക്കുന്ന കാലം നിവൃതിയുടെ നിമിഷങ്ങൾ നമുക്ക് ലഭ്യമാക്കും.
ഓർമ്മക്കുറവിന് പരിഹാരം
വാർദ്ധക്യത്തിൽ എത്തിയ ആളുകളിൽ വ്യക്തികളുടെ പേരുകൾ, സ്ഥലനാമങ്ങൾ, തീയതികൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഓർത്തിരിക്കാൻ ബുദ്ധിമുട്ടാറുണ്ട്. ശ്രദ്ധാപൂർവ ജീവിതം പാലിക്കുന്നവരിൽ ഓർമ്മക്കുറവ് അധികം സംഭവിക്കുന്നില്ലന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതിനുള്ള പ്രധാന കാരണം അവർ വർത്തമാന നിമിഷത്തിൽ അതീവജാഗ്രത പുലർത്തുന്നവരായതുകൊണ്ടാണ്.
മറ്റൊരു പഠനം വെളിപ്പെടുത്തുന്നത് ശ്രദ്ധാപൂർവ്വ ജീവിതപരിശീനം നേടിയ പ്രായമായവർ യുവാക്കളെക്കാൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കുകയും വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നവരാണെന്നാണ്. വാർദ്ധക്യം വിവിധ വെല്ലുവിളികൾ നിറഞ്ഞതാണ്. അവയെ പലപ്പോഴും നാം ഒറ്റയ്ക്ക് അഭിമഖികരിക്കേണ്ടിവരുമെന്നതും ഒരു യാഥാർത്ഥ്യമാണ്. ഇതിനെ നേരിടാനുള്ള ഏറ്റവും കരുത്തുള്ള ആയുധം അവധാനപൂർവ്വ ജീവിതമാണെന്ന് അനുഭവങ്ങളും പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ദഹന ശക്തി വർധിപ്പിക്കുന്നു
ഭക്ഷണക്രമവും പ്രായവും ഉൾപ്പെടെ വിവിധ ഘടകങ്ങൾ നമ്മുടെ ദഹന പ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്. ഭാഗ്യവശാൽ, ധ്യാനം ദഹനം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ധ്യാന സമയത്ത് സ്വാഭാവികമായി സംഭവിക്കുന്ന ആഴത്തിലുള്ള ശ്വസനം രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തത്തിലെ പ്രാണവായുവിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രായമായവർക്ക്, പതിവ് ധ്യാനം മറ്റ് അസുഖങ്ങളാൽ ഉണ്ടാകാത്ത ദഹനപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകും. മാനസിക സമ്മർദ്ദം ദഹനപ്രക്രിയകളെ വഷളാക്കുന്നു എന്ന ശാസ്ത്രീയ പഠനങ്ങൾ ഉണ്ട്. മാനസികമായ ആശ്വാസം അല്ലെങ്കിൽ വിശ്രമം നല്ല ദഹന പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.
മൂർച്ചയുള്ള, ഏകാഗ്രമായ മനസ്സ് വികസിക്കും
മനഃസാന്നിധ്യത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, മാനസിക ജാഗ്രതയെ മൂർച്ച കൂട്ടാനുളള കഴിവാണ്. ചിട്ടയായ ധ്യാനം തലച്ചോറിന്റെ ശാരീരിക ഘടനയിൽ മാറ്റം വരുത്തുന്നു. ഉദാഹരണത്തിന്, സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയ വിനാശകരമായ വികാരങ്ങളെ പലപ്പോഴും കുറയ്ക്കുന്നു. അതേസമയം സ്വയം അവബോധം, വ്യക്തിത്വ വികസനം, സമചിത്തത, യുക്തിചിന്ത, ആസൂത്രണം എന്നിവയെ വർദ്ധിപ്പിക്കുന്നു. തൽഫലമായി, ധ്യാനിക്കുന്നവരിൽ മെച്ചപ്പെട്ട ശ്രദ്ധയും സർഗ്ഗാത്മകതയും വൈജ്ഞാനിക പ്രവർത്തനവും അനുഭവപ്പെടുന്നു. വാർദ്ധക്യത്തിലെത്തുന്നവർക്ക് ഇത് ഒരു വലിയ അനുഗ്രഹമാണ്.
സുസ്ഥിരമായ മാനസികാവസ്ഥയും നിലനിർത്താൻ കഴിയും
പ്രായഭേദമന്യേ, സുസ്ഥിരമായ മാനസികാവസ്ഥ നിലനിർത്തുന്നതും വികാരങ്ങളെ നിയന്ത്രിക്കുന്നതും നമ്മിൽ മിക്കവർക്കും ഒരു വെല്ലുവിളിയാണ്. നമ്മൾ പ്രായമാകുമ്പോൾ, ശാരീരിക മാറ്റങ്ങൾ മാനസികാവസ്ഥയുടെ സ്ഥിരതയെ ബാധിക്കുകയും നമ്മുടെ വൈകാരിക പ്രതികരണങ്ങളെ നിയന്ത്രിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാകുകയും ചെയ്യും. പലപ്പോഴും നമുക്ക് സമീപമുള്ളവരും പ്രിയപ്പെട്ട ആളുകളുമായും പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും, ഏകാന്തത, സങ്കടം, നിരാശ എന്നിവയുടെ അനുഭവങ്ങളും പ്രായമായവരിൽ വ്യാപകമാകുന്നതിൽ അതിശയിക്കാനില്ല. വിവേചനരഹിതമായ സാന്നിധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ധ്യാനം, നമ്മുടെ വികാരങ്ങളോട് പ്രതികരിക്കാൻ നിർബന്ധിതരാകാതെതന്നെ നിരീക്ഷിക്കാൻ കഴിയുമെന്ന് നമ്മെ പഠിപ്പിക്കുന്നു. ധ്യാനം യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ക്ഷേമത്തിന്റെയും സഹാനുഭൂതിയുടെയും ഭാവാത്മകമായ വികാരങ്ങൾ വർദ്ധിപ്പിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്.
ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു
അവധാപൂർവ്വ ധ്യാനം തലച്ചോറിലെ ഓർമ്മയെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുന്നു. വാർദ്ധക്യത്തിന്റെ അനഭിലഷണീയമായ പാർശ്വഫലങ്ങളിൽ ഒന്നാണല്ലോ ഓർമ്മക്കുറവ്. മെച്ചപ്പെട്ട ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനവും നാം വാർദ്ധക്യത്തിൽ എത്തുമ്പോഴും ഒരു വിലയേറിയ മുതൽക്കൂട്ടാണ്. ദൈർഘ്യമേറിയതും ഹ്രസ്വകാലവുമായ ഓർമ്മ പ്രവർത്തനങ്ങൾ നിലനിർത്താൻ ശ്രദ്ധാപൂർവ്വം ധ്യാനം സഹായിക്കുമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നു.
തുടരും……






