ഇടുക്കി: വാഴത്തോപ്പ് – ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആദ്യകാല റോഡായ മണിയാറൻകുടി – കൈതപ്പാറ – ഉടുമ്പന്നൂർ റോഡ് നിലവിലുള്ള വീതിയിൽ നിർമ്മിക്കുന്നതിന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. റോഡ് നിർമ്മാണത്തിനായി നീക്കി വെച്ചിട്ടുള്ള തുക റദ്ദ് ആയി പോകാതിരിക്കാൻ അനുഭാവ പൂർവമായ നടപടികൾ വേണം എന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത്് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ റോഡിന്റെ ഭൂരിഭാഗവും വനമേഖലയിലൂടെയാണ് കടന്ന് പോകുന്നത്. പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിനു 16.40 കോടി രൂപ അനുവദിച്ചു ടെൻഡർ നൽകിയിരുന്നു. പി.എം.ജി.എസ്.വൈ മാർഗ്ഗരേഖ അനുസരിച്ചു കുറഞ്ഞത് ആറ് മീറ്റർ വേണമെന്ന് അറിയിച്ചതോടെ നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി റവന്യു ഭൂമി നൽകുന്നതിനു തീരുമാനമെടുത്തിരുന്നു. തുടർന്ന് മറയൂർ കാന്തല്ലൂർ വില്ലേജിൽ പകരം സ്ഥലം കണ്ടെത്തുകയും സർവെ ചെയ്തു ഭൂമി കൈമാറ്റത്തിന് നടപടി സ്വീകരിക്കുകയായിരുന്നു. എന്നാൽ വനഭൂമി വിട്ടുകിട്ടുന്നതിനു പരിവേഷ് സൈറ്റ് മുഖേന അപേക്ഷയിലെ തുടർ നടപടികൾ സ്വീകരിക്കുന്നത് ബാംഗ്ലൂർ ആസ്ഥാനമായ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ മേഖലാ ഓഫീസാണ്.
അനുമതി താമസിക്കുന്നത് മൂലം റോഡിന് അനുവദിച്ചിട്ടുള്ള തുക നഷ്ടമാകുന്ന സാഹചര്യം വന്നതിനാലാണ് നിലവിലുള്ള റോഡിനെ പ്രയോജനപ്പെടുത്തി നിർമ്മാണം നടത്തുന്നതിന് തീരുമാനം എടുത്തത് 3.75 മീറ്റർ വീതിയിൽ ടാർ ചെയ്യുന്നതിനാണ് നിലവിൽ അനുമതി നൽകുക.18 കിലോമീറ്റർ ദൈർഘ്യമാണ് റോഡിനുള്ളത് . പരിവേഷ് സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ നിലനിർത്തികൊണ്ട് തന്നെ നിലവിൽ ഉള്ള റോഡ് നവീകരണത്തിന് കോതമംഗലം ഡി എഫ് ഓ അംഗീകാരം നൽകും. ഇതിനായി പി.എം.ജി.എസ്.വൈ മുഖേന പുതിയ അപേക്ഷ നൽകി നടപടികൾ സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഇവ ഒരാഴ്ചയ്ക്കകം പൂർത്തീകരിച്ച് നൽകുമെന്ന് ഡി എഫ് ഓ യോഗത്തിൽ അറിയിച്ചു.
നിർമ്മാണ തടസം നീക്കി മുന്നോട്ട് പോകാൻ കഴിയുന്നതോടെ ചെറുതോണി ഭാഗത്ത് നിന്നും 40 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിച്ചാൽ തൊടുപുഴ എത്തി ചേരാൻ സാധിക്കും. സാങ്കേതിക നടപടികൾ പൂർത്തിയാക്കി അടുത്ത മാസം പകുതിയോടെ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം.
ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എം. മണി എം.എൽഎ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ,വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജി ചാക്കോ, കോതമംഗലം ഡി എഫ് ഓ സൂരജ് ബെൻ, പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജു ചന്ദ്രൻ ആർ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ട്രീസ ജോസ് ,പി.എം.ജി.എസ്.വൈ സുദിന ,ഡെപ്യൂട്ടി കളക്ടർ ജോസുകുട്ടി കെ.എം , ഇടുക്കി തഹസിൽദാർ റെനി ജോസ്, ജില്ലാ ഹെഡ് സർവേയർ എസ് ബിനു ആനന്ദ് ,ഡെപ്യൂട്ടി തഹസിൽദാർ വി.എൻ. റഷീദ് തുടങ്ങിയവരുടെ സാനിധ്യത്തിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് റോഡിന്റെ വീതി നിജപ്പെടുത്തി നിർമ്മാണവുമായി മുന്നോട്ട് പോകാൻ തീരുമാനം എടുത്തത്. രാഷ്ട്രീയത്തിന് അതീതമായി ജനപ്രതിനിധികളും നാട്ടുകാരും വിവിധ സംഘടനകളും ഒരേ മനസോടെ മുന്നോട്ട് പോയതിനാലാണ് റോഡ് യാഥാർഥ്യമാക്കാൻ കഴിയുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ,അഡ്വ ഡീൻ കുര്യാക്കോസ് എംപി എന്നിവർ പറഞ്ഞു.






