Timely news thodupuzha

മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പാക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

ഇടുക്കി: മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വ്യത്യസ്ത അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരണം മൂന്നാം ഘട്ട അവലോകന യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള വിവിധ പരിഹാരമാർഗങ്ങളാണ് വനം വകുപ്പ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 45 ദിവസം നീളുന്ന തീവ്രയജ്ഞ പരിപാടി നടപ്പാക്കുന്നത്. മൂന്ന് ഘട്ടമായാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്. സെപ്തംബർ 16 മുതൽ 30 വരെ ഒന്നാം ഘട്ടവും ഒക്ടോബർ ഒന്നു മുതൽ 15 വരെ രണ്ടാം ഘട്ടവും ഒക്ടോബർ 16 മുതൽ 30 വരെ മൂന്നാം ഘട്ടവുമായാണ് പരിപാടി നടപ്പാക്കുന്നത്.

വനം വകുപ്പിനെ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. ഒന്നാം ഘട്ടത്തിൽ 400 പഞ്ചായത്തുകളിലാണ് പരിപാടി സംഘടിപ്പിച്ചത്. 30 പഞ്ചായത്തുകളിൽ തീവ്ര വന്യജീവി പ്രശ്‌നങ്ങൾ നേരിടുന്നവയാണ്. ഇവിടുത്തെ പ്രശ്‌നം പരിഹരിക്കുന്നതിനാണ് സർക്കാർ മുന്നോട്ട് വന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള സൗഹാർദം മുൻപത്തേക്കാൾ മെച്ചപ്പെട്ടു. വനം വകുപ്പിലെ ജീവനക്കാർക്കും ആധുനിക ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനകീയമായി പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും ഏകോപനത്തോടെയും പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം.

ഇടുക്കി ജില്ലയിൽ 29 പഞ്ചായത്തുകളെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയിൽ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ 14 പഞ്ചായത്തുകളാണ് സംഘർഷം തീവ്രമായിട്ടുള്ളതായി വിലയിരുത്തിയിട്ടുള്ളത്. ഈ പഞ്ചായത്തുകളിൽ നിന്ന് ഒന്നാംഘട്ടത്തിൽ ആകെ 1527 പരാതികൾ ലഭിച്ചു.

സംഘർഷ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് 1317 പരാതി ലഭിച്ചു. ഇതിൽ 768 പരാതികളിൽ പരിഹാരം കണ്ടു. അവശേഷിക്കുന്നവ പരിഹരിക്കുന്നത് രണ്ടാഘട്ടത്തിൽ ജില്ലാതലത്തിലാണ്. ഇത് ആരംഭിച്ചു.

മൂന്നാം ഘട്ടത്തിൽ സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ പരിഹരിക്കും. ഈ മാസം 18 ന് വയനാട് നടക്കുന്ന വനം വനം വന്യജീവി വകുപ്പ് സെമിനാറിൽ പ്രശ്‌നങ്ങൾ വിലയിരുത്തും. 2031 വരെ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട പരിപാടികളുടെ നയപ്രഖ്യാപനം നടക്കും.

മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ യോഗത്തിൽ ജനപ്രതിനിധികൾ യോഗത്തിലുന്നയിച്ചു. എല്ലാ പ്രശ്‌നങ്ങൾക്കും കൂട്ടായി പരിഹാരം കാണുന്നതിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. കർഷകരുടെ ഭൂമി സംരക്ഷിക്കുമെന്നും കർഷകരെ അവരുടെ ഭൂമിയിൽ നിന്ന് ഇറക്കിവിടുമെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

മനുഷ്യ വന്യജീവി സംഘർഷം പരിഹരിക്കുന്നതിനുള്ള ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് യോഗത്തിൽ ഓൺലൈനായി അധ്യക്ഷത വഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

എം.എം. മണി എം.എൽഎ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഹൈറേഞ്ച് സർക്കിൾ) കോട്ടയം ഡി.കെ. വിനോദ് കുമാർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വൈൽഡ് ലൈഫ് സർക്കിൾ കോട്ടയം& ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ് കുമാർ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ്, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *