തൊടുപുഴ: കാതു പൊട്ടുന്ന ശബ്ദത്തിൽ എയർ ഹോൺ മുഴക്കി പാഞ്ഞ 96 വാഹനങ്ങൾ മോട്ടർ വാഹന സ്‌ക്വാഡ് പിടികൂടി. ഒരാഴ്ച നീണ്ടു നിന്ന എയർഹോൺ പരിശോധനയിലാണ് ഇത്രയും വാഹനങ്ങൾ കുടുങ്ങിയത്. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമാണ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ വ്യാപക പരിശോധനയ്ക്ക് ഇറങ്ങിയത്. വിവിധ വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത എയർ ഹോൺ റോഡ് റോളർ കയറ്റി നശിപ്പിച്ചു.

ഇതര സംസ്ഥാന വാഹനങ്ങളിലും എയർ ഹോൺ വ്യാപകമാണ്. തൊടുപുഴയിൽ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും ഹോണുകൾ പിടികൂടിയത്. അന്യ സംസ്ഥാന വാഹനങ്ങളും ഇതിൽപെടും. പരിശോധനയിൽ കണ്ടെത്തിയ എയർ ഹോൺ പിടിച്ചെടുക്കുകയും ഫൈൻ ചുമത്തുകയും ചെയ്തു.

112 ഡസിബൽ വരെ ശബ്ദമുള്ള ഹോണുകളാണ് വാഹനങ്ങളിൽ അനുവദനീയം എന്നാൽ പിടികൂടുന്ന എയർഹോണുകൾ 125 ഡെസിബലിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്നവയാണ്. ഉദ്യോഗസ്ഥർ പരിശോധിച്ചാലും കണ്ടെത്താനാകാത്ത വിധമാണ് ചില വാഹനങ്ങളിൽ ഇവ പിടിപ്പിച്ചിരിക്കുന്നത്. അനുവദനീയ ഡെസിബെലിൽ കൂടുതൽ ശബ്ദമുള്ള എയർഹോൺ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.






