കോതമംഗലം: പുതുപ്പാടിയിൽ വയോധികയെ വീട്ടുമുറ്റത്തേക്ക് വിളിച്ചിറക്കി സ്വർണ്ണ മാല പൊട്ടിച്ച സംഭവത്തിൽ പ്രതിയെ കോതമംഗലം പോലീസ് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പശ്ചിമബംഗാൾ, മൂർഷിദാബാദ് സ്വദേശി ഹസ്മത്ത്(27) ആണ് പോലീസിന്റെ പിടിയിലായത്. പുതുപ്പാടി സ്‌കൂളിന് സമീപം വാഴാട്ടിൽ ഏലിയാമ്മയുടെ(82) 1.5 പവന്റെ സ്വർണ്ണ മാലയാണ് ഇന്നലെ വൈകിട്ട് പ്രതി കവർന്നത്. കൃത്യം നടത്തിയ സ്ഥലം പ്രതി പോലീസിനു കാണിച്ചു കൊടുത്തു.
വീടിനു സമീപം പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് വയോധികയെ വീട്ടുമുറ്റത്തേക്ക് വിളിച്ചിറക്കിയാണ് പ്രതി സ്വർണ്ണമാല പൊട്ടിച്ചു കടന്നത്. മുറ്റത്തെ ടൈലിൽ വീണ വയോധികക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വയോധികയുടെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വീട്ടിലെ സിസിടിവിയിൽ സംഭവത്തിന്റെ ദൃശ്യം പതിഞ്ഞിരുന്നു. പോലീസ് എത്തി സിസിടിവി പരിശോധിച്ച് രാത്രി 9.30 ഓടെ മൂവാറ്റുപുഴ ഭാഗത്ത്‌നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം പോലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞു. ഇൻസ്പെക്ടർ പി.റ്റി ബിജോയ്, സബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോതമംഗലം കോടതിയിൽ ഹാജരാക്കും.






