Timely news thodupuzha

logo

ബീഹാർ തോൽവിക്ക് കാരണം തേടി പ്രതിപക്ഷം

ന്യൂഡൽഹി: ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉറപ്പാകുമ്പോൾ, പ്രതിപക്ഷം വോട്ട് കൊള്ള ആരോപണം ആവർത്തിക്കുന്നു. 243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റ് മാത്രം ആവശ്യമുള്ളപ്പോൾ, ഇരുനൂറോളം സീറ്റുകൾ ഭരണ മുന്നണി ഉറപ്പാക്കിക്കഴിഞ്ഞു. നാൽപ്പതിൽ താഴെ സീറ്റുകളിലേക്ക് പ്രതിപക്ഷ മഹാ ഗഢ്ബന്ധൻ ഒതുങ്ങുകയാണ്. ഇതോടെയാണ് തോൽവിക്ക് കാരണം തേടി ഇന്ത്യ ബ്ലോക്ക് വോട്ട് കൊള്ള, വോട്ടർ പട്ടിക പരിഷ്കരണം(എസ്ഐആർ) ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുന്നത്.

എന്നാൽ, തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ഉയർന്ന ആരോപണങ്ങൾക്ക് ബിഹാറിലെ ജനങ്ങളെ സ്വാധീനിക്കാൻ സാധിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വ്യക്തമാകുന്നത്. കോൺഗ്രസിൻറെ ബിഹാർ നിരീക്ഷകനും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്, ഈ ജനവിധി രാഹുൽ ഗാന്ധി പറഞ്ഞ ‘വോട്ട് മോഷണ’മാണെന്ന് ആവർത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയുമായി ഒത്തുകളിക്കുകയായിരുന്നു എന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.

ബിഹാർ ഫലം നിരാശാജനകമാണ് എന്നതിൽ സംശയമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും അവിടെ സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ കാഴ്ചക്കാരായി നിന്നു. എന്തുകൊണ്ടാണ് ഇത് തടയാതിരുന്നത്? അവർ തടയണമായിരുന്നു, പക്ഷേ ചെയ്തില്ല… രാഹുൽ ഗാന്ധി പറഞ്ഞ വോട്ട് കൊള്ള ഇതാണ്. നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിൽ, ക്രമക്കേട് നടന്നാൽ, ബൂത്ത് പിടിച്ചെടുക്കൽ നടന്നാൽ, അല്ലെങ്കിൽ തട്ടിപ്പ് നടക്കുകയും പണം വിതരണം ചെയ്യുകയും ചെയ്താൽ – ഇസി (EC) ഒരു നടപടിയും എടുക്കുന്നില്ല, അവർ ഭരണകക്ഷിയുമായി ഒത്തുകളിക്കുകയാണ്. ഈ ദിവസങ്ങളിൽ പണം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനും ബിഹാറിലെ ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ”ഇത് പാർട്ടികൾ തമ്മിലുള്ള കാര്യമല്ല, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറും ബിഹാറിലെ ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ്, ആരാണ് വിജയിക്കുന്നതെന്ന് നമുക്ക് നോക്കാമെന്നും ഖേര പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെയാണ് പ്രതിപക്ഷം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

ബിഹാറിലെ ജനങ്ങൾക്കുമേൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മേൽക്കൈ നേടുകയാണ്… ബിഹാറിലെ ജനങ്ങളെ വിലകുറച്ച് കാണാൻ എനിക്കാകില്ല. എസ്ഐആർ ഉണ്ടായിരുന്നിട്ടും ധൈര്യം കാണിച്ച ബിഹാറിലെ ജനങ്ങളെ വിലകുറച്ച് കാണാൻ സാധിക്കില്ലെന്നും ഖേര കൂട്ടിച്ചേർത്തു. ഉത്തർ പ്രദേശിലെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി. ബിജെപിയുടെ ചതി എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മഹാസഖ്യത്തിൻറെ ദയനീയ പരാജയത്തിന് കാരണമായത് വോട്ടർ പട്ടിക പരിഷ്കരണമാണെന്നും (SIR) കുറ്റപ്പെടുത്തി. SIR ഒരു തെരഞ്ഞെടുപ്പ് ഗൂഢാലോചനയാണെന്ന് അഖിലേഷ് ആരോപിച്ചു.

ബിഹാറിനു ശേഷം പശ്ചിമ ബംഗാൾ, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽ ഇത് സാധ്യമാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തെരഞ്ഞെടുപ്പ് ഗൂഢാലോചന ഇപ്പോൾ പുറത്തുവന്നു കഴിഞ്ഞു. ഇനി ഈ കളി കളിക്കാൻ ഞങ്ങൾ അവരെ അനുവദിക്കില്ല. സിസിടിവി പോലെ ജാഗരൂകരായിരിക്കും. ബിജെപിയുടെ ഉദ്ദേശ്യങ്ങളെ തകർക്കും. ബിജെപി ഒരു പാർട്ടിയല്ല, അതൊരു ചതിയാണ് (BJP dal nahi chhal hai), യാദവ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

Leave a Comment

Your email address will not be published. Required fields are marked *