ഒരു നദിയുടെ തീരത്ത് ഇരിക്കുന്ന ഒരാളെ സങ്കൽപ്പിക്കൂ. നദിയിലെ ചലനങ്ങളെ അയാൾ ശ്രദ്ധിക്കുന്നു. വെള്ളം ഒഴുകുന്നു, തിരമാലകൾ വരുന്നു, പോകുന്നു. ആ ഒഴുക്ക് നദിയല്ല — നദി അതിനെ വഹിക്കുന്ന ഒന്നാണ്. മനസ്സും ഇങ്ങനെ തന്നെ. ചിന്തകൾ മനസ്സിൽ വരുന്നു, നിറയുന്നു, ഒഴിഞ്ഞുപോകുന്നു. എന്നാൽ ആ ചിന്തകളെ നോക്കിക്കാണുന്ന ഒന്ന് — അത് ചിന്തയല്ല.നിങ്ങൾ നിങ്ങളുടെ ചിന്തകൾ അല്ല. മനസ്സിലൂടെ ഒഴുകിപ്പോകുന്ന വാക്കുകളും ചിത്രങ്ങളും വികാരങ്ങളും നിങ്ങളല്ല; അവ നിങ്ങളിലൂടെ കടന്നുപോകുന്ന അനുഭവങ്ങളാണ്. ആകാശത്ത് വന്നുപോകുന്ന മേഘങ്ങളെപ്പോലെ, ചിന്തകളും ഉദിക്കുന്നു, മാറുന്നു, അകലുന്നു. പക്ഷേ ആകാശം ഒരിക്കലും ചിന്തയാകുന്നില്ല.നാം സാധാരണ ജീവിക്കുന്നത് ചിന്തകൾക്കകത്താണ്. “ഞാൻ പരാജയപ്പെട്ടവനാണ്” എന്ന ചിന്ത വരുമ്പോൾ, ആ ചിന്ത ഒരു വസ്തുതയായി, ഒരു സ്വത്വമായി, ഒരു വിധിയായി നമ്മിൽ മാറുന്നു. ചിന്തയും ചിന്തിക്കുന്നവനും തമ്മിലുള്ള അകലം അപ്രത്യക്ഷമാകുന്നു. നാം ചിന്തയിൽ മുങ്ങിപ്പോകുന്നു. സാവധാനം ആ ചിന്ത ഒരു യാഥാർത്ഥ്യമായി മാറുന്നു.എന്നാൽ ഒരു നിമിഷം ശ്രദ്ധിക്കൂ — ആ ചിന്ത ഉദിക്കുന്നത് കാണാൻ കഴിയുന്നുണ്ടോ? അതിന്റെ ഭാരം അനുഭവിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, ആ “കാണുന്നത്” ചിന്തയല്ല. ചിന്ത്ക്ക് തന്നെതന്നെ കാണാൻ കഴിയില്ല, കണ്ണിന് തന്നെ തന്നെ കാണാൻ കഴിയാത്തതുപോലെ.അവധാനപൂർവ്വ ബോധം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്—ഒരു ചിന്ത വന്നാൽ അതിൽ ലയിക്കാതെ, അതിനെ കാണുവാൻ പഠിക്കുക. “ഇത് എന്റെ ചിന്തയാണ്” എന്ന ബോധം ഉണ്ടാകുന്ന നിമിഷം മുതൽ, “ഇതാണ് ഞാൻ” എന്ന തെറ്റായ ഐക്യം മങ്ങിത്തുടങ്ങുന്നു. അപ്പോൾ ചിന്തകൾക്ക് നമ്മെ നിയന്ത്രിക്കാനുള്ള ശക്തി കുറയുന്നു.”ഞാൻ ആകുലനാണ്” എന്ന് പറയുമ്പോൾ, ആകുലത എന്റെ മുഴുവൻ അസ്തിത്വമാകുന്നു. “എനിക്ക് ആകുലത അനുഭവപ്പെടുന്നു” എന്ന് പറയുമ്പോൾ, ഒരു സൂക്ഷ്മമായ ദൂരം എൻ്റെ ചിന്തയും ഞാനും തമ്മിൽ ഉണ്ടാകുന്നു. ഞാൻ ഇവിടെ, ആകുലത അവിടെ. ആ ദൂരം ചെറുതാണ്, പക്ഷേ അത് നാം ചിന്തയിൽ നിന്നും സ്വതന്ത്രമാകുന്നതിന്റെ ആദ്യ ശ്വാസമാണ്.ബുദ്ധദർശനം ഇതിനെ “സാക്ഷിഭാവം” എന്ന് വിളിക്കുന്നു. നിരീക്ഷിക്കുന്നവൻ — ചിന്തകളെ, വികാരങ്ങളെ, ശരീരത്തെ, ചുറ്റുപാടുകളെ നോക്കിക്കാണുന്ന ആ ഉള്ളിലെ നിശ്ചലത. അത് ഭയപ്പെടുന്നില്ല, ആഗ്രഹിക്കുന്നില്ല, ക്ഷീണിക്കുന്നില്ല. ചിന്തകൾ കൊടുങ്കാറ്റുപോലെ വരുമ്പോഴും ആ സാക്ഷി ആകാശം പോലെ നിലകൊള്ളുന്നു — കൊടുങ്കാറ്റ് ആകാശത്തെ സ്പർശിക്കുന്നില്ല.മനസ്സിൽ ഒരു ചിന്ത ഉദിക്കുമ്പോൾ ആ ചിന്ത നമ്മുടെ മസ്തിഷ്കത്തിലും സ്വയമേവ പതിയും. ഈ സമയത്ത് ന്യൂറോണുകൾ തമ്മിൽ ഒരു വൈദ്യുത സംഭാഷണം നടത്തുന്നു. ഒരേ ചിന്തയും ആവർത്തിക്കപ്പെടുമ്പോൾ, ആ പാത കൂടുതൽ ആഴത്തിൽ രൂപപ്പെടുന്നു — നദി ഒഴുകി ഒഴുകി തന്റെ ഗതി സ്വയം കുഴിക്കുന്നതുപോലെ. ഇതിനെ നാഢിയാശാസ്ത്രം നാഡീ വ്യതിയാനം (neuroplasticity) എന്ന് വിളിക്കുന്നു. ചിന്തകൾ മസ്തിഷ്കത്തെ അക്ഷരാർഥത്തിൽ സദാ വ്യതിയാനത്തിന് വിധേയമാക്കുന്നു.”ഞാൻ പരാജയപ്പെട്ടവനാണ്” എന്ന ചിന്ത ഒരിക്കൽ വരുമ്പോൾ അത് നമ്മുടെ മസ്തിഷ്കത്തിൽ ഒരു സ്പുലിംഗം അല്ലെങ്കിൽ ഒരു ഒറ്റപ്പെട്ട സ്പന്ദനം മാത്രമാണ്. ആ ചിന്ത ആയിരം തവണ വരുമ്പോൾ, അത് ഒരു രാജവീഥിയാകുന്നു — മനസ്സ് സ്വയം അങ്ങോട്ട് ഓടിച്ചെല്ലുന്നു. ശരീരം ഈ ചിന്തയ്ക്ക് അനുസൃതമായ മാറ്റങ്ങൾ സ്വയം വരുത്തുന്നു.നമ്മൾ ചിന്തകളെ നമ്മളായി തെറ്റിദ്ധരിക്കുമ്പോഴാണ്, ഭയം, കുറ്റബോധം, സ്വയംവിമർശനം, രോഗങ്ങൾ എന്നിവ നമ്മിൽ ഉടലെടുക്കുന്നത്. പക്ഷേ ചിന്തകളെ ഒരു നിരീക്ഷകന്റെ കണ്ണിലൂടെ കാണുവാൻ തുടങ്ങുമ്പോൾ, ഉള്ളിൽ ഒരു ഇടം തുറക്കപ്പെടുന്നു. ആ ഇടത്തിലാണ് സ്വാതന്ത്ര്യം ജനിക്കുന്നത്—ചിന്തകളിൽ നിന്ന് ഒഴിഞ്ഞുമാറുവാനുള്ള സ്വാതന്ത്ര്യം.ദൈനംദിന ജീവിതത്തിൽ നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന തൊണ്ണൂറു ശതമാനം വികാരവിചാരങ്ങൾ എല്ലാം നമ്മുടെ ഉപബോധമനസ്സിൽ സംഭരിച്ചു വെച്ചിരിക്കുന്നപുനരാവൃത്തി അനുഭവങ്ങളുടെ പുനഃപ്രകടനം അല്ലെങ്കിൽ പുനരാവൃത്തി മാത്രമാണ്.ചിന്ത മസ്തിഷ്കത്തെ മാറ്റുന്നു, മസ്തിഷ്കം നമ്മുടെ മനസ്സിനെയും ശരീരത്തെയും മാറ്റുന്നു — ഇത് ഒരു അനന്തമായ വിഷമവൃത്തമാണ്. ഇതിൽ നിന്നാണ് ഒരു ആഴമേറിയ ചോദ്യം ഉദിക്കുന്നത്: ഈ വൃത്തം ആരാണ് തിരഞ്ഞെടുക്കുന്നത്?ധ്യാനം ആ ചോദ്യത്തിന്റെ ഉത്തരം തേടലാണ് — ചിന്തകളെ നിയന്ത്രിക്കുച്ചുകൊണ്ടല്ല, നിർത്തിക്കൊണ്ടല്ല, ചിന്തകൾക്ക് പിന്നിലെ നിശ്ചലതയെ കണ്ടെത്തിക്കൊണ്ട്.അതിനാൽ, നിങ്ങൾ നിങ്ങളുടെ ചിന്തകൾ അല്ല. നിങ്ങൾ അവയെ കാണുന്ന ബോധമാണ്. ചിന്തകൾ മാറിയേക്കാം; പക്ഷേ ആ ബോധം—അത് സ്ഥിരമാണ്.ആൻ്റെണി പുത്തൻപുരയ്ക്കൽനിങ്ങൾ നിങ്ങളുടെ ചിന്തകൾ അല്ല
ഒരു നദിയുടെ തീരത്ത് ഇരിക്കുന്ന ഒരാളെ സങ്കൽപ്പിക്കൂ. നദിയിലെ ചലനങ്ങളെ അയാൾ ശ്രദ്ധിക്കുന്നു. വെള്ളം ഒഴുകുന്നു, തിരമാലകൾ വരുന്നു, പോകുന്നു. ആ ഒഴുക്ക് നദിയല്ല — നദി അതിനെ വഹിക്കുന്ന ഒന്നാണ്. മനസ്സും ഇങ്ങനെ തന്നെ. ചിന്തകൾ മനസ്സിൽ വരുന്നു, നിറയുന്നു, ഒഴിഞ്ഞുപോകുന്നു. എന്നാൽ ആ ചിന്തകളെ നോക്കിക്കാണുന്ന ഒന്ന് — അത് ചിന്തയല്ല.
നിങ്ങൾ നിങ്ങളുടെ ചിന്തകൾ അല്ല. മനസ്സിലൂടെ ഒഴുകിപ്പോകുന്ന വാക്കുകളും ചിത്രങ്ങളും വികാരങ്ങളും നിങ്ങളല്ല; അവ നിങ്ങളിലൂടെ കടന്നുപോകുന്ന അനുഭവങ്ങളാണ്. ആകാശത്ത് വന്നുപോകുന്ന മേഘങ്ങളെപ്പോലെ, ചിന്തകളും ഉദിക്കുന്നു, മാറുന്നു, അകലുന്നു. പക്ഷേ ആകാശം ഒരിക്കലും ചിന്തയാകുന്നില്ല.
നാം സാധാരണ ജീവിക്കുന്നത് ചിന്തകൾക്കകത്താണ്. “ഞാൻ പരാജയപ്പെട്ടവനാണ്” എന്ന ചിന്ത വരുമ്പോൾ, ആ ചിന്ത ഒരു വസ്തുതയായി, ഒരു സ്വത്വമായി, ഒരു വിധിയായി നമ്മിൽ മാറുന്നു. ചിന്തയും ചിന്തിക്കുന്നവനും തമ്മിലുള്ള അകലം അപ്രത്യക്ഷമാകുന്നു. നാം ചിന്തയിൽ മുങ്ങിപ്പോകുന്നു. സാവധാനം ആ ചിന്ത ഒരു യാഥാർത്ഥ്യമായി മാറുന്നു.
എന്നാൽ ഒരു നിമിഷം ശ്രദ്ധിക്കൂ — ആ ചിന്ത ഉദിക്കുന്നത് കാണാൻ കഴിയുന്നുണ്ടോ? അതിന്റെ ഭാരം അനുഭവിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, ആ “കാണുന്നത്” ചിന്തയല്ല. ചിന്ത്ക്ക് തന്നെതന്നെ കാണാൻ കഴിയില്ല, കണ്ണിന് തന്നെ തന്നെ കാണാൻ കഴിയാത്തതുപോലെ.
അവധാനപൂർവ്വ ബോധം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്—ഒരു ചിന്ത വന്നാൽ അതിൽ ലയിക്കാതെ, അതിനെ കാണുവാൻ പഠിക്കുക. “ഇത് എന്റെ ചിന്തയാണ്” എന്ന ബോധം ഉണ്ടാകുന്ന നിമിഷം മുതൽ, “ഇതാണ് ഞാൻ” എന്ന തെറ്റായ ഐക്യം മങ്ങിത്തുടങ്ങുന്നു. അപ്പോൾ ചിന്തകൾക്ക് നമ്മെ നിയന്ത്രിക്കാനുള്ള ശക്തി കുറയുന്നു.
“ഞാൻ ആകുലനാണ്” എന്ന് പറയുമ്പോൾ, ആകുലത എന്റെ മുഴുവൻ അസ്തിത്വമാകുന്നു. “എനിക്ക് ആകുലത അനുഭവപ്പെടുന്നു” എന്ന് പറയുമ്പോൾ, ഒരു സൂക്ഷ്മമായ ദൂരം എൻ്റെ ചിന്തയും ഞാനും തമ്മിൽ ഉണ്ടാകുന്നു. ഞാൻ ഇവിടെ, ആകുലത അവിടെ. ആ ദൂരം ചെറുതാണ്, പക്ഷേ അത് നാം ചിന്തയിൽ നിന്നും സ്വതന്ത്രമാകുന്നതിന്റെ ആദ്യ ശ്വാസമാണ്.
ബുദ്ധദർശനം ഇതിനെ “സാക്ഷിഭാവം” എന്ന് വിളിക്കുന്നു. നിരീക്ഷിക്കുന്നവൻ — ചിന്തകളെ, വികാരങ്ങളെ, ശരീരത്തെ, ചുറ്റുപാടുകളെ നോക്കിക്കാണുന്ന ആ ഉള്ളിലെ നിശ്ചലത. അത് ഭയപ്പെടുന്നില്ല, ആഗ്രഹിക്കുന്നില്ല, ക്ഷീണിക്കുന്നില്ല. ചിന്തകൾ കൊടുങ്കാറ്റുപോലെ വരുമ്പോഴും ആ സാക്ഷി ആകാശം പോലെ നിലകൊള്ളുന്നു — കൊടുങ്കാറ്റ് ആകാശത്തെ സ്പർശിക്കുന്നില്ല.
മനസ്സിൽ ഒരു ചിന്ത ഉദിക്കുമ്പോൾ ആ ചിന്ത നമ്മുടെ മസ്തിഷ്കത്തിലും സ്വയമേവ പതിയും. ഈ സമയത്ത് ന്യൂറോണുകൾ തമ്മിൽ ഒരു വൈദ്യുത സംഭാഷണം നടത്തുന്നു. ഒരേ ചിന്തയും ആവർത്തിക്കപ്പെടുമ്പോൾ, ആ പാത കൂടുതൽ ആഴത്തിൽ രൂപപ്പെടുന്നു — നദി ഒഴുകി ഒഴുകി തന്റെ ഗതി സ്വയം കുഴിക്കുന്നതുപോലെ. ഇതിനെ നാഢിയാശാസ്ത്രം നാഡീ വ്യതിയാനം (neuroplasticity) എന്ന് വിളിക്കുന്നു. ചിന്തകൾ മസ്തിഷ്കത്തെ അക്ഷരാർഥത്തിൽ സദാ വ്യതിയാനത്തിന് വിധേയമാക്കുന്നു.
“ഞാൻ പരാജയപ്പെട്ടവനാണ്” എന്ന ചിന്ത ഒരിക്കൽ വരുമ്പോൾ അത് നമ്മുടെ മസ്തിഷ്കത്തിൽ ഒരു സ്പുലിംഗം അല്ലെങ്കിൽ ഒരു ഒറ്റപ്പെട്ട സ്പന്ദനം മാത്രമാണ്. ആ ചിന്ത ആയിരം തവണ വരുമ്പോൾ, അത് ഒരു രാജവീഥിയാകുന്നു — മനസ്സ് സ്വയം അങ്ങോട്ട് ഓടിച്ചെല്ലുന്നു. ശരീരം ഈ ചിന്തയ്ക്ക് അനുസൃതമായ മാറ്റങ്ങൾ സ്വയം വരുത്തുന്നു.
നമ്മൾ ചിന്തകളെ നമ്മളായി തെറ്റിദ്ധരിക്കുമ്പോഴാണ്, ഭയം, കുറ്റബോധം, സ്വയംവിമർശനം, രോഗങ്ങൾ എന്നിവ നമ്മിൽ ഉടലെടുക്കുന്നത്. പക്ഷേ ചിന്തകളെ ഒരു നിരീക്ഷകന്റെ കണ്ണിലൂടെ കാണുവാൻ തുടങ്ങുമ്പോൾ, ഉള്ളിൽ ഒരു ഇടം തുറക്കപ്പെടുന്നു. ആ ഇടത്തിലാണ് സ്വാതന്ത്ര്യം ജനിക്കുന്നത്—ചിന്തകളിൽ നിന്ന് ഒഴിഞ്ഞുമാറുവാനുള്ള സ്വാതന്ത്ര്യം.
ദൈനംദിന ജീവിതത്തിൽ നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന തൊണ്ണൂറു ശതമാനം വികാരവിചാരങ്ങൾ എല്ലാം നമ്മുടെ ഉപബോധമനസ്സിൽ സംഭരിച്ചു വെച്ചിരിക്കുന്നപുനരാവൃത്തി അനുഭവങ്ങളുടെ പുനഃപ്രകടനം അല്ലെങ്കിൽ പുനരാവൃത്തി മാത്രമാണ്.
ചിന്ത മസ്തിഷ്കത്തെ മാറ്റുന്നു, മസ്തിഷ്കം നമ്മുടെ മനസ്സിനെയും ശരീരത്തെയും മാറ്റുന്നു — ഇത് ഒരു അനന്തമായ വിഷമവൃത്തമാണ്. ഇതിൽ നിന്നാണ് ഒരു ആഴമേറിയ ചോദ്യം ഉദിക്കുന്നത്: ഈ വൃത്തം ആരാണ് തിരഞ്ഞെടുക്കുന്നത്?
ധ്യാനം ആ ചോദ്യത്തിന്റെ ഉത്തരം തേടലാണ് — ചിന്തകളെ നിയന്ത്രിക്കുച്ചുകൊണ്ടല്ല, നിർത്തിക്കൊണ്ടല്ല, ചിന്തകൾക്ക് പിന്നിലെ നിശ്ചലതയെ കണ്ടെത്തിക്കൊണ്ട്.
അതിനാൽ, നിങ്ങൾ നിങ്ങളുടെ ചിന്തകൾ അല്ല. നിങ്ങൾ അവയെ കാണുന്ന ബോധമാണ്. ചിന്തകൾ മാറിയേക്കാം; പക്ഷേ ആ ബോധം—അത് സ്ഥിരമാണ്.






