Timely news thodupuzha

യാഥാർത്ഥ്യത്തോട് പടവെട്ടാതിരിക്കുക

യാഥാർഥ്യത്തോടു പൊരുതാതെ, ചെറുക്കാതെ യാഥാർഥ്യത്തിനു മുന്നിൽ കവചമൊഴിഞ്ഞ് നിൽക്കുവാനുള്ള ആർജ്ജവം സ്വീകാര്യതയുടെയും വിടുതലിന്റെയും ഏറ്റവും സൂക്ഷ്മമായ രൂപമാണ്. നമ്മുടെ ദൈനംദിന ജീവിതം ഒരു നിരന്തര ചെറുത്തുനിൽപ്പിന്റെ മനോഭാവത്തോടെയാണ് നാം തള്ളിനീക്കുന്നത്. ഈ നിമിഷം ഇങ്ങനെ ആകരുത്, ഇത് മാറണം, ഇത് ഉണ്ടാകരുതായിരുന്നു എന്ന ഒരു മനോഭാവം നാം അനുനിമിഷം വെച്ചുപുലർത്തുന്നു. ഈ മാനസിക രൂപീകരണം നമ്മെ ഒരിക്കലും ഇപ്പോഴത്തെ യാഥാർഥ്യത്തിൽ ജീവിക്കുവാൻ അനുവദിക്കുന്നില്ല. ഈ പ്രതിരോധത്തിൻ്റെ മനോഭാവം ഒരു പോരാട്ടമാണ്. ഇപ്പോൾ ആയിരിക്കുന്ന യാഥാർത്ഥ്യം എങ്ങനെയാണ് അതിനെ അതുപോലെ കാണുന്നതിനും അംഗീകരിക്കുന്നതിനും പകരം, നമ്മുടെ ആഗ്രഹങ്ങൾ നിർമ്മിക്കുന്ന, നമുക്ക് ‘ഉണ്ടായിരിക്കേണ്ട ലോകം’ മനസ്സിൽ വെച്ചാണ് നാം ജീവിക്കുന്നത്. സ്വീകാര്യത എന്നത് നാം പലപ്പോഴും തെറ്റായി മനസ്സിലാക്കന്ന ഒരു വാക്കാണ്. ചിലർ അത് ഒരു ഒഴിവാക്കൽ അല്ലെങ്കിൽ എല്ലാം സമ്മതിച്ചു കൊണ്ടുള്ള നിരുപാധിക കീഴടങ്ങൽ എന്നൊക്കെ കരുതുന്നു. എന്നാൽ യഥാർത്ഥത്തിൽ, സ്വീകാര്യത എന്നത് ജീവിതത്തിൽ സംഭവിക്കുന്നതിനെ നിസ്സംഗമായി നോക്കിക്കാണുന്നതോ, എല്ലാം സമ്മതിച്ചു കൊടുക്കുന്നതോ, നിസ്സഹായരായി കീഴടങ്ങുന്നതോ അല്ല; മറിച്ച്, യാഥാർത്ഥ്യത്തോട് പ്രതിരോധമില്ലാതെ, ജാഗ്രതയോടെ, തുറന്ന മനസ്സോടെ നിലകൊള്ളുന്ന ധൈര്യത്തിൻ്റെ പേരാണ്.

നമ്മിലെ ഓരോ പ്രതിരോധവും ഒരോ ആന്തരിക യുദ്ധമാണ്. യാഥാർത്ഥ്യം എങ്ങനെയുണ്ടോ അതിനോടാണ് നമ്മുടെ ആഗ്രഹങ്ങൾ ഏറ്റുമുട്ടുന്നത്. പരാജയം മാത്രം ഉറപ്പുള്ള ഈ യുദ്ധത്തിൽ, ഊർജ്ജം നമ്മിൽ നിന്ന് ചോർന്ന്, മനസ്സ് ക്ഷീണിച്ചു , ശരീരം രോഗാതുരമായി പരാജയം നമ്മെ തേടിയെത്തും. ഈ യുദ്ധം അവസാനിക്കുന്നത് വസ്തുത മാറുമ്പോഴല്ല, അതിനെ എതിർക്കാത്ത നമ്മുടെ മനോഭാവം മാറ്റുമ്പോൾ മാത്രമാണ്. നമ്മുടെ മനോഭാവത്തിൽ മാറ്റം സംഭവിക്കുന്നില്ലെങ്കിൽ ജീവിതാവസാനം വരെ ഈ യുദ്ധം നാം തുടരേണ്ടിവരും. ദുഃഖത്തോടും നഷ്ടത്തോടും അനിശ്ചിതത്വത്തോടും വേർപാടിനോടും എല്ലാം നാം പൊരുതുമ്പോൾ, നാം നമ്മുടെ ദുഃഖം ഇരട്ടിപ്പിക്കുന്നു. നമുക്കുള്ള വേദനയ്ക്ക് മേൽ ‘ഇത് ഉണ്ടാകരുതായിരുന്നു’ എന്ന നമ്മിലെ അസ്വീകാര്യതയുടെ ആവർത്തിച്ചുള്ള ചിന്ത ഒരു രണ്ടാം വേദന കൂടി നമ്മിൽ സൃഷ്ടിക്കുന്നു.

ജീവിതത്തിൽ നമ്മൾ പലപ്പോഴും നേരിടുന്നത് ഇഷ്ടപ്പെടാത്ത അനുഭവങ്ങളാണ്; വേദന, നഷ്ടം, നിരാശ, ഭയം സമ്മർദ്ദം എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. ഈ അനുഭവങ്ങളെ നമ്മൾ തള്ളിപ്പറയുമ്പോൾ, അവ മാറിപ്പോകുന്നില്ല; പകരം, അവയുടെ ഭാരം കൂടുതൽ ശക്തമായി നമ്മെ വലിച്ചു താഴ്ത്തുന്നു. ഈ പ്രതിരോധമാണ് നമ്മെ ആന്തരികമായി ബന്ധിതരാക്കുന്നത്. എന്നാൽ, ഒരിക്കൽ നാം ഒരു നിമിഷം നമ്മിലേയ്ക്ക് തിരിഞ്ഞ്, ‘ഇത് ഇപ്പോൾ ഞാനല്ല, എന്റെ അനുഭവമാണ്’ എന്ന് തുറന്ന മനസ്സോടെ അംഗീകരിക്കുമ്പോൾ, അവിടെ സ്വീകാര്യതയുടെ അതിസൂക്ഷ്മമായ മാറ്റം നമ്മിൽ ആരംഭിക്കുവാൻ തുടങ്ങും. അതാണ് അംഗീകരണത്തിൻ്റെ അല്ലെങ്കിൽ സ്വീകാര്യതയുടെ ആദ്യ ബീജം. എന്നാൽ ഈ സ്വീകാര്യതയിൽ ഒരു വിചിത്രമായ വിരോധാഭാസം (paradox) കൂടിയുണ്ട്: നാം എതിർക്കുന്നത് എന്തോ അത് നമ്മെ ബന്ധിപ്പിക്കുന്നു; നാം അംഗീകരിക്കുന്നത് എന്തോ അത് നമുക്ക് മോചനം നല്കുന്നു.

സ്വീകാര്യത എന്നത് വേദനയെ ഇഷ്ടപ്പെടുക അല്ല. അതിനെ തള്ളിപ്പറയാതെ അംഗീകാരിക്കുവാൻ തയ്യാറാകുക എന്നതാണ് ഇതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. അതിൽ ഒരു സാന്നിധ്യബോധമുണ്ട്, ശാന്തമായ ഒരു ശ്രദ്ധയുണ്ട്, വിധിയില്ലാത്ത വീക്ഷണമുണ്ട്, ശീഘ്ര പ്രതികരണമില്ലായ്മയുടെ നിശ്ശബ്ദമായ ഒരു നിമിഷമുണ്ട്, ഞാൻ വേദനയല്ല എന്ന തിരിച്ചറിവിൻ്റെ വേർതിരിവുണ്ട്. ആ ശ്രദ്ധാപൂർവമായ സ്വീകാര്യതയിൽ, വികാരങ്ങൾ ഒരു തരംഗം പോലെ ഉയർന്ന് താഴുന്നു. അവ സ്ഥിരമായ ഒന്നല്ലെന്ന് നാം നേരിട്ട് അനുഭവിക്കുന്നു. ഈ തിരിച്ചറിവാണ് സ്വീകാര്യതയുടെ തുടക്കം.

ധൈര്യം എന്നത് ഭയം ഇല്ലാതാകുന്ന ഒരു അവസ്ഥയല്ല; ഭയം ഉള്ളപ്പോഴും തുറന്ന മനസ്സോടെ അതിനെ സ്വീകരിക്കുവാനും അംഗീകരിക്കുവാനുമുള്ള കഴിവാണ്. അതുപോലെ, സ്വീകാര്യത എന്നത് പ്രശ്നങ്ങൾ ഇല്ലാതാക്കുന്നില്ല; അവയോട് പ്രതിരോധമില്ലാതെ നിലകൊള്ളാനുള്ള ധൈര്യത്തിന്റെ ഭാഷയാണത്. ഈ ഭാഷയിൽ നാം ജീവിക്കുമ്പോൾ, ജീവിതം നമ്മെ തളർത്തുന്ന ഒരു ഭാരമല്ല, മറിച്ച് നമ്മെ വളർത്തുന്ന ഒരു അനുഭവമായി മാറുന്നു.

സ്വീകാര്യത നമ്മെ നിർജ്ജീവരാക്കുന്നില്ല; മറിച്ച്, അത് നമ്മെ വ്യക്തതയിലേക്ക് നയിക്കുന്നു. പ്രതിരോധം ഇല്ലാതാകുമ്പോൾ മനസ്സ് ശാന്തമാകുന്നു. ആ ശാന്തതയിൽ നിന്നാണ് ശരിയായ നടപടി (wise action) സ്വാഭാവികമായി ഉദിക്കുന്നത്. അതുകൊണ്ട്, സ്വീകാര്യതയുടെ അന്തർഗതമായ ലക്ഷ്യം ഒന്നും ചെയ്യാതിരിക്കുക അല്ല, മറിച്ച് ശരിയായ സമയത്ത്, ശരിയായ രീതിയിൽ പ്രവർത്തിക്കുവാൻ കഴിയുന്ന സ്വാതന്ത്ര്യം നേടുക എന്നതാണ്. അവസാനമായി, സ്വീകാര്യത ഒരു വലിയ പ്രഖ്യാപനം അല്ല; അത് ഒരു ചെറിയ ആന്തരിക തിരിഞ്ഞുനോട്ടമാണ്. ഓരോ നിമിഷത്തിലും, “ഇത് ഇങ്ങനെയാണ് ഇപ്പോൾ” എന്ന് സാക്ഷിയായി നിൽക്കുവാനുള്ള സന്നദ്ധത. ഈ ലളിതമായ തുറവി തന്നെയാണ്, ആഴത്തിൽ നോക്കുമ്പോൾ, വിടുതലിന്റെ ഏറ്റവും സൂക്ഷ്മവും ശക്തവുമായ രൂപം.

Leave a Comment

Your email address will not be published. Required fields are marked *