കോടിക്കുളം: കോടിക്കുളം പഞ്ചായത്തിലെ ചെരിയമ്പാറ അംഗനവാടിക്ക് വേണ്ടിയുള്ള പുതിയ കെട്ടിടത്തിൻ്റെ പണി പൂർത്തിയായെങ്കിലും അംഗനവാടി ഇപ്പോഴും വാടകക്കെട്ടിൽ തന്നെ പ്രവർത്തനം തുടരുകയാണ്. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗനവാടിക്ക് സ്വന്തമായി സൌകര്യപ്രദമായ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഭാരിച്ച വാടക ഒഴിവാക്കുന്നതിനുമായിരുന്നു ഇളംദേശം ബ്ലോക്ക് പഞ്ചായത്തും കോടിക്കുളം ഗ്രാമ പഞ്ചായത്തും ചേർന്ന് സംയുക്തമായി രണ്ടര ലക്ഷത്തോളം രൂപ മുടക്കി ചെരിയമ്പാറയിൽ 5സെന്റ് സ്ഥലം വാങ്ങിയത്.

തുടർന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ മുടക്കി അംഗനവാടി കെട്ടിടം പണിയുകയുമായിരുന്നു. എന്നാൽ പിഡബ്ല്യുഡി റോഡിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള അംഗനവാടി കെട്ടിടത്തിന് ചുറ്റുമതിൽ പോലും നിർമ്മിക്കാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് അംഗനവാടിയുടെ ഉദ്ഘാടനം 2025 ഒക്ടോബർ മാസത്തിൽ കൊട്ടിഘോഷിച്ച് നടത്തുകയായിരന്നു. എന്നാൽ നിർമ്മാണത്തിലെ ക്രമക്കേടു സംബന്ധിച്ച ആരോപണവും കുട്ടികളുടെ സുരക്ഷയും മുൻനിർത്തി ജനങ്ങളുടെ ശക്തമായ എതിർപ്പു ഉയർന്നതിനെ തുടർന്ന് പഞ്ചായത്തിൽ നിന്നും ചുറ്റുമതിലും റീട്ടെയിനിംഗ് ഭിത്തി പണിയുന്നതിനുമായി ഏഴ് ലക്ഷം രൂപ അനുവദിച്ച് പണികൾ മാർച്ച് മാസത്തിൽ പൂർത്തീകരിക്കുകയും ചെയ്തു.

പുതിയ അധ്യായന വർഷത്തിൽ നിർമ്മാണം പൂർത്തിയായ കെട്ടിടത്തിൽ അംഗനവാടി പ്രവർത്തിക്കും എന്ന് പ്രതീക്ഷയിലായിരുന്നു കുട്ടികളുടെ രക്ഷിതാക്കൾ എന്നാൽ പ്രതിക്ഷയ്ക്ക് വിരുദ്ധമായി ഈ മെയ് മാസം മുപ്പതാം തീയതി പഴയ വാടക കെട്ടിടത്തിൽ തന്നെ പ്രവേശനോത്സവം നടത്തുകയാണുണ്ടായത്. അംഗനവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തന മാരംഭിക്കാത്തതിൽ രക്ഷിതാക്കൾ പ്രതിക്ഷേധത്തിലാണ്. അംഗനവാടി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ ജില്ലാ , ഗ്രാമ പഞ്ചായത്തുകൾക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും പുതിയതായി പണി തീർത്ത കെട്ടിടത്തിലേക്ക് വൈദ്യുതി ,കുടിവെള്ള കണക്ഷനുകൾ ലഭിക്കുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട വൈദ്യുതി, ജലവകുപ്പുകളിൽ നൽകിയിട്ടുള്ളതായും ഇനിയും താമസം വരുത്താതെ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ഉടൻ ലഭ്യമാക്കി 2026 ജൂൺ മാസത്തിൽ തന്നെ അംഗനവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാർഡ് മെമ്പർ ടോമി ജേക്കബ് പറഞ്ഞു.






