തിരുവനന്തപുരം: പ്രവേശനോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിലെത്തിയ വി മുരളീധരൻ എംഎൽഎ മിഠായി നൽകിയ രീതിക്കെതിരേ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായ വിമർശനം. മിഠായി കുട്ടികളുടെ കൈയിൽ നൽകാതെ മേശപ്പുറത്തേക്ക് ഇട്ടുകൊടുക്കുകയായിരുന്നു മുരളീധരൻ. പട്ടികജാതി – പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസിയും സമീപം ഉണ്ടായിരുന്നു. മുരളീധരൻറെ നടപടി കുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സമൂഹമാധ്യമത്തിൽ വിമർനമുയർന്നു.
ഇത്തരമൊരു പ്രവർത്തി കണ്ടിട്ട് മിണ്ടായ നിന്ന തുളസിയും സമാനമായ തെറ്റുതന്നെയാണ് ചെയ്തതെന്നും ആളുകൾ കുറ്റപ്പെടുത്തുന്നു. കേരളത്തിൽ ഇന്ന് കാണാത്ത തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മയുമായും ആളുകൾ ഈ പ്രവർത്തിയെ വിലയിരുത്തി. വീട്ടുമുറ്റത്തെ കുഴിയിൽ തൊഴിലാളികൾക്ക് കഞ്ഞുകൊടുത്തെന്ന ബിജെപി നേതാവ് കൃഷ്ണകുമാറിൻറെ വെളിപ്പെടുത്തൽ പുനരാവിഷ്ക്കരിച്ചതാണെന്നുവരെ ആളുകൾ പറയുന്നു. സംഭവത്തിൽ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. മുരളീധരൻറേത് തരംതാണതും വിവേചനപരവുമായ നടപടിയാണെന്നാണ് ശിവൻകുട്ടിയുടെ പ്രതികരണം.
കുട്ടികളെ അധിക്ഷേപിക്കുകയാണ് മുരളീധരൻ ചെയ്തത്. അദ്ദേഹത്തെ തടയാനോ തിരുത്താനോ പോലും മന്ത്രി തുളസി തയാറായില്ലെന്നത് ഗുരുതര വീഴ്ചയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.





