തൊടുപുഴ: നിയമനക്രമക്കേടുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങൾ ഉയരുന്നതിനിടെ പിഎസ്‌സിക്കു തലവേദനയായി വീണ്ടും പരീക്ഷാ പിഴവ്. ചോദ്യപ്പേപ്പർ മാറി നൽകിയതിനെ തുടർന്ന് ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഇടുക്കി ജില്ലയിലെ നിരവധി വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ അവസരം നഷ്ടമായത്. തൊടുപുഴയിൽ സെന്ററായി കിട്ടിയ വിദ്യാർത്ഥികൾ അധികവും ഹൈറേഞ്ചിൽ നിന്നുള്ളവരായിരുന്നു. എക്സാമിനായി നെടുങ്കണ്ടത്ത് നിന്നും കട്ടപ്പനയിൽ നിന്നുമാണ് വിദ്യാർത്ഥികൾ എത്തിയത്. ജോലിസ്ഥലത്തുനിന്ന് ലീവ് എടുത്തു വരെ വിദ്യാർത്ഥികൾ എത്തിയിരുന്നു.വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്ന പരീക്ഷയിലാണ് ചോദ്യപ്പേപ്പർ മാറി നൽകിയത്. ആലപ്പുഴയിലെ ഒരു പരീക്ഷാകേന്ദ്രത്തിൽ ഉച്ചയ്ക്കുള്ള ചോദ്യക്കടലാസ് രാവിലെ നൽകിയതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത്.പരീക്ഷ കഴിഞ്ഞ ശേഷമാണ് ഉദ്യോഗസ്ഥർ ഇതു തിരിച്ചറിഞ്ഞത്. ഇതോടെയാണ് സംസ്ഥാനത്തുടനീളം ഉച്ചയ്ക്കു ശേഷം നടത്തേണ്ട പരീക്ഷ റദ്ദാക്കിയത്. ദൂരെയുള്ള കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ എത്തിയ ലക്ഷക്കണക്കിനു ഉദ്യോഗാർഥികളാണ് ഇതോടെ വലഞ്ഞത്. ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം രാവലെ നടന്ന പരീക്ഷ പൂർണമായി റദ്ദാക്കില്ല. ചോദ്യക്കടലാസ് മാറി നൽകിയ പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗാർഥികൾക്കായി മറ്റൊരു ചോദ്യപ്പേപ്പർ ഉപയോഗിച്ചു വീണ്ടും പരീക്ഷ നടത്തും.
പി.എസ്.സിക്ക് തലവേദനയായി വീണ്ടും പരീക്ഷാ പിഴവ്; തൊടുപുഴയിലെത്തിയത് ഹൈറേഞ്ച് മേഖലയിൽ നിന്നുള്ളവർ






