ഇടുക്കി: കേരള ബേർഡ് അറ്റ്ലസ് 2.0 ന്റെ ഭാഗമായ ഇടുക്കി ബേർഡ് അറ്റ്ലസ് 2.0 ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഐ.എ.എസ് ഉദ്ഘാടനം നിർവഹിച്ചതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ശാസ്ത്രീയ രീതിയിലുള്ള പക്ഷി സർവ്വേകൾക് തുടക്കമായി. സംസ്ഥാനതല പക്ഷി സർവേകൂടിയായ കേരള ബേർഡ് അറ്റ്ലസ് ഇന്ത്യയിലെ ആദ്യത്തെയും ഏഷ്യയിലെ ഏറ്റവും വലിയതുമായ സിറ്റിസൺ സയൻസ് പ്രോജക്ട് ആണ്. ആദ്യഘട്ട അറ്റ്ലസ് കേരളത്തിലെ പക്ഷികളുടെ വ്യാപനവും സമൃദ്ധിയും സംബന്ധിച്ച സമഗ്രമായ ശാസ്ത്രീയ അടിസ്ഥാനവിവരങ്ങൾ സൃഷ്ടിച്ചു. ഇത് 2022 ൽ പുറത്തിറങ്ങുകയും ചെയ്തു. രണ്ടാംഘട്ട സർവേ പക്ഷികളുടെ എണ്ണത്തിലും ആവാസവ്യവസ്ഥയിലും ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തുക എന്നതാണ് ലക്ഷ്യംവെക്കുന്നത്. ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെ പ്രധാന സൂചകങ്ങളായ പക്ഷികളെ അടിസ്ഥാനമാക്കി ലഭിക്കുന്ന വിവരങ്ങൾ ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി ആസൂത്രണം, ശാസ്ത്രീയമായ നയരൂപീകരണം എന്നിവയ്ക്ക് വിലപ്പെട്ട സംഭാവന നൽകും.

ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ബേർഡ് അറ്റ്ലസിനെ അതീവ പ്രാധാന്യമുള്ള ജനകീയ ശാസ്ത്രസംരംഭമായി വിശേഷിപ്പിച്ചു. കേരളത്തിന്റെ ഏകദേശം 10 ശതമാനം ഭൂപ്രദേശം ഉൾക്കൊള്ളുന്ന ഇത്തരമൊരു വലിയ ശാസ്ത്രീയ പഠനം സർക്കാർ പദ്ധതിയായല്ല, മറിച്ച് സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുക എന്നത് ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പഠനത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്കും നയരൂപീകരണക്കാർക്കും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങൾക്കും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകത കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷികളെ സംരക്ഷിക്കുന്നതിനൊപ്പം, പരിസ്ഥിതിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയുകയും പശ്ചിമഘട്ടത്തിലെ ഈ സുപ്രധാന ഭൂപ്രദേശത്ത് മികച്ച പരിസ്ഥിതി-ജൈവവൈവിധ്യ ആസൂത്രണം നടപ്പിലാക്കാനും നയപരമായ തീരുമാനങ്ങൾക്കും ഈ സർവേ ശാസ്ത്രീയ അടിത്തറ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ബേർഡ് അറ്റ്ലസിന്റെ ആദ്യഘട്ടത്തിൽ ഇടുക്കിയിലെ പലയിടങ്ങളിലും സർവേ നടത്തിയ റിട്ട. പ്രൊഫ. ഡോ. പി. ജെ. ജോർജ്, ദീർഘകാല ഇടവേളകളിൽ ഒരേ രീതിയിൽ സർവേ ആവർത്തിക്കുന്നതിലൂടെ ഇടുക്കിപോലുള്ള ജൈവസമ്പന്നമായ പ്രദേശങ്ങളിൽ ജൈവവൈവിധ്യത്തിലും ഭൂപ്രകൃതിയിലും സംഭവിക്കുന്ന മാറ്റങ്ങൾ ശാസ്ത്രീയമായി മനസ്സിലാക്കാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. ചടങ്ങിൽ കേരള ബേർഡ് അറ്റ്ലസ് 1.0-ന്റെ പകർപ്പ് ജില്ലാ കളക്ടർക്കും ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ അജയ് ഘോഷിനും കൈമാറി. സംരക്ഷിത വനമേഖലകൾക്ക് പുറത്തുള്ള പ്രദേശങ്ങളിലാണ് കേരളത്തിന്റെ വലിയൊരു ജൈവസമ്പത്ത് നിലനിൽക്കുന്നതെന്നും അതിനാൽ ഇത്തരം ജനപങ്കാളിത്ത ശാസ്ത്രപദ്ധതികൾ പരിസ്ഥിതി സംരക്ഷണത്തിൽ നിർണായക പങ്കുവഹിക്കുന്നുവെന്നും അജയ് ഘോഷ് പറഞ്ഞു. ബേർഡ് അറ്റ്ലസ് പ്രവർത്തനങ്ങൾക്ക് വനംവകുപ്പിന്റെ പൂർണ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
ഇടുക്കി ബേർഡ് അറ്റ്ലസ് കോർഡിനേറ്റർമാരായ ഗോവിന്ദ് ഗിരിജയും പ്രേംചന്ദ് രഘുവരനും അറ്റ്ലസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ (PBR), ക്യാമ്പസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ തുടങ്ങിയ പദ്ധതികളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നും അതുവഴി അറ്റ്ലസിന്റെ പ്രയോജനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാകുമെന്നും പറഞ്ഞു.
റിട്ട. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ.വി. ഉത്തമൻ, റിട്ട. ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉദയ കുമാർ, മുതിർന്ന പക്ഷിനിരീക്ഷകൻ സത്യൻ മേപ്പയ്യൂർ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് അംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, പക്ഷിനിരീക്ഷകർ, പ്രകൃതിസ്നേഹികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ ഏത് വ്യക്തിക്കും ബേർഡ് അറ്റ്ലസ് സർവേയിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ 9495495684, 9895348813 (WhatsApp) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.






