തൊടുപുഴ: 1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യ പാക്കിസ്ഥാന് മേൽ നേടിയ വിജയത്തിൽ ആത്മാഭിമാനം ഉയർത്തി കാർഗിൽ വിജയ് ദിവസ് ജൂലൈ 26ന് തൊടുപുഴയിൽ ആചരിച്ചു. തൊടുപുഴ മുനിസിപ്പൽ ജംഗ്ഷനിലുള്ള കാർഗിൽ ശിലയ്ക്കു മുന്നിൽ വീര മൃത്യു വരിച്ച ജവാൻമാർക്ക് അനുസ്മരണം രേഖപ്പെടുത്തി പുഷ്പാർച്ചനയും നടത്തി. തൊടുപുഴ നഗരസഭ, ത്രിതല പഞ്ചായത്ത്, വിവിധ സാംസ്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കാർഗിൽ സ്മാരകം മുനിസിപ്പൽ പാർക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. തൊടുപുഴ നഗരസഭ വൈസ് ചെയർമാൻ കെ ദീപക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അർഷാദ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജീവ് ഭാസ്കർ, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, തൊടുപുഴ പോലീസ് ഇൻസ്പെക്ടർ സിജോ വർഗീസ്, പോലീസ് സ്റ്റേഷൻ പി.ആർ.ഒ വി.എ ബിജു, ബി.എസ്.എഫ് റിട്ടയേർഡ് ഇൻസ്പെക്ടർ വേണുഗോപാൽ, പതിനെട്ട് കേരള ബറ്റാലിയൻ എൻ.സി.സി ന്യൂമാൻ കോളേജ് ക്യാപ്റ്റൻ പ്രജീഷ് മാത്യു എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
ന്യൂമാൻ കോളേജ് എൻസിസി യൂണിറ്റിലെ മുപ്പതോളം കേഡറ്റുകൾ പരേഡ് നടത്തി അഭിവാദ്യം അർപ്പിച്ചു. കാർഗിൽ യുദ്ധത്തിലെ ധീര രക്തസാക്ഷി ലാൻഡ്സ് നായിക്ക് പി.കെ സന്തോഷ് കുമാറിന്റെ ഭാര്യ പ്രിയ, മകൻ അർജുൻ, മറ്റ് കുടുംബാംഗങ്ങൾ, വിവിധ സാമൂഹിക, സാംസ്കാരിക, സംഘടനാ പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. സ്മാരകത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു സംഘാടക സമിതി കൺവീനർ തോമസ് കുഴിഞ്ഞാലിൽ സ്വാഗതവും സെക്രട്ടറി പ്രദീപ് പോൾ കൃതജ്ഞതയും രേഖപ്പെടുത്തി ചടങ്ങിൽ നിരവധി രാജ്യസ്നേഹികൾ പങ്കുചേർന്നു.






