Timely news thodupuzha

അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർക്ക് നഷ്ടപരിഹാരം ഓണത്തിനു മുൻപ്; ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ട് പരാതികളുണ്ടാകരുത്: മന്ത്രി എ.പി അനിൽകുമാർ

ഇടുക്കി: ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന വീഴ്ചകൾ കൊണ്ട് പൊതുജനങ്ങളിൽ നിന്ന് പരാതികളുണ്ടാകരുതെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ. അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഓണത്തിനു മുൻപ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയിലെ സങ്കീർണമായ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. മറ്റു ജില്ലകളിൽ നിന്നു വ്യത്യസ്തമായ ഭൂപ്രശ്‌നങ്ങളാണ് ഇവിടെയുള്ളത്. 60 ലധികം വർഷം പഴക്കമുള്ള നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌ക്കരിക്കണം. നിയമങ്ങളിൽ ഭേദഗതി നടപ്പാക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കും. രണ്ടാം ഭൂപരിഷ്‌ക്കരണ നിയമമമാണ് സർക്കാരിന്റെ ലക്ഷ്യം. എല്ലാ വിഭാഗങ്ങൾക്കും ഭൂപരിഷ്‌ക്കരണത്തിന്റെ നേട്ടം ലഭ്യമാകണം. അർഹരായവർക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള തടസം നീക്കും. സർക്കാർ ഭൂമി കൈയേറുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. റവന്യൂ വകുപ്പിന് കൂടുതൽ വാഹനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കൂടുതൽ സർവേയർമാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനാവശ്യമായ തസ്തിക സൃഷ്ടിക്കാൻ സർക്കാർ തലത്തിൽ ഇടപെടും. താത്കാലികമായി കൂടുതൽ സർവേയർമാരെ നിയോഗിക്കും. കൂടാതെ ഇടുക്കിയിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കും. ജില്ലയിൽ ജോലി ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥർ വളരെ വേഗം സ്ഥലംമാറിപ്പോകുന്നത് ജില്ലാ കളക്ടർ ശ്രദ്ധയിൽപ്പെടുത്തി. ക്വാർട്ടേഴ്‌സ് ഉൾപ്പടെയുളള സൗകര്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയിലെ വകുപ്പിന്റെ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അവതരിപ്പിച്ചു. 2011 മുതൽ ജില്ലയിൽ ആകെ 54485 എൽഎ പട്ടയങ്ങളും 258 എൽടി പട്ടയങ്ങളും 4421 മിച്ചഭൂമി പട്ടയങ്ങളും മൂന്ന് ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്തിട്ടുള്ളത്. 55214 എൽഎ പട്ടയ അപേക്ഷകളാണ് അവശേഷിക്കുന്നത്. 237 എൽടി പട്ടയ അപേക്ഷകളും രണ്ട് ദേവസ്വം പട്ടയ അപേക്ഷകളുമാണ് തീർപ്പാക്കാനുള്ളത്. ജില്ലയിലെ മിച്ചഭൂമി സംബന്ധിച്ച വിശദമാ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു. പട്ടികജാതി, പട്ടിക വർഗ ഉന്നതികളിലെ പട്ടയ വിവരങ്ങൾ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗത്തിൽ അവതരിപ്പിച്ചു. പട്ടികവർഗ ഉന്നതികളിലെ 800 ലധികം കൈവശങ്ങൾക്ക് 2001 ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നതിന് സർവേ നടപടികൾ പൂർത്തീകരിച്ചുവരികയാണ്. ഉന്നതികളിൽ പട്ടയം ലഭിക്കാത്ത കൈവശങ്ങൾ കണ്ടെത്താൻ താലൂക്ക് തലത്തിൽ നടപടി പുരോഗമിക്കുകയാണ്. അനധികൃത കൈയേറ്റം സംബന്ധിച്ച് ആകെ 473 കേസുകളാണ് നിലവിലുള്ളത്. ഇതിൽ 112 കേസുകളിൽ കൈയേറ്റമൊഴിപ്പിച്ചു. 234.20 ഹെക്ടർ കൈയേറ്റമാണ് ഒഴിപ്പിച്ചത്. ഡിജിറ്റൽ സർവേ 13.07% ആണ് ജില്ലയിൽ പൂർത്തിയായത്. ആകെയുള്ള 68 വില്ലേജുകളിൽ 44 വില്ലേജുകളിലാണ് സർവേ നടക്കുന്നത്. ആറു വില്ലേജുകളിൽ സർവേ പൂർത്തിയായി. 30 വില്ലേജുകളിൽ സർവേ പുരോഗമിക്കുന്നു. എട്ട് വില്ലേജുകളിൽ സർവേ ആരംഭിക്കാനുണ്ട്. ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി. ജില്ലയിൽ 29 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തിയായി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് 804 അപേക്ഷകളിൽ ധനസഹായം അനുവദിച്ചു. 2022 മുതലുള്ള കണക്ക് പ്രകാരമാണിത്. 125 അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്.

റവന്യൂ വകുപ്പ് സെക്രട്ടറി ജീവൻബാബു, സർവേ വകുപ്പ് ഡയറക്ടർ ഡോ. അരുൺ ജെ.ഒ., ദേവികുളം സബ് കളക്ടർ വി.എം. ആര്യ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *