Timely news thodupuzha

ഇടുക്കിയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഇടുക്കി: ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ റിമുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് വ്യാജ ആധാർ കാർഡും പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസം വൈകീട്ട് 3.30ഓടെ വീട്ടുപരിസരത്ത് നിന്ന് പെൺകുട്ടിയെ ബലമായി കൊണ്ടുപോയെന്നാണ് കേസ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ വൈകീട്ട് 7.30ഓടെ പെൺകുട്ടി വീട്ടിലെത്തി. തുടർന്ന് ആംഗ്യഭാഷയിലൂടെ നടന്ന സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയും ഉടുമ്പൻചോല പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ രാത്രി തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ചോദ്യംചെയ്യലിൽ തനിക്ക് 20 വയസാണെന്ന് പ്രതി അവകാശപ്പെട്ടെങ്കിലും താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 16 വയസ് രേഖപ്പെടുത്തിയ ആധാർ കാർഡ് കണ്ടെത്തി. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും വിശദ പരിശോധനയിൽ ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ വ്യാജരേഖ ചമച്ചതിനടക്കം കൂടുതൽ വകുപ്പുകൾ ചുമത്തി തുടർനടപടികൾ സ്വീകരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, നാല് മാസം മുമ്പ് പ്രതി ഉടുമ്പൻചോലയിൽ എത്തിയ സമയത്ത് പ്രദേശത്തെ ഒരു പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്. നിലവിൽ ഈ കേസിൽ പ്രതിയുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *