
ഇടുക്കി: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ച ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയ ഷൈബുവിനും കുടുംബത്തിനുമായി സി.പി.എം നിർമ്മിച്ച് നൽകിയ ‘സ്നേഹവീടിന്റെ’ താക്കോൽദാനം നിർവ്വഹിച്ചു. കാൽവരിമൗണ്ട് കൂട്ടക്കല്ലിൽ നടന്ന ചടങ്ങിൽ പിണറായി വിജയൻ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി.

കായിക ലോകത്ത് റെക്കോർഡ് കുറിച്ച് നാടിന്റെ അഭിമാനമായി മാറിയ ദേവപ്രിയ ഷൈബുവിനും കുടുംബത്തിനുമായി സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് 25 ലക്ഷം രൂപ ചെലവിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ സ്നേഹവീട് പൂർത്തിയാക്കിയത്. നാലു കിടപ്പുമുറികൾ, ഹാൾ, സിറ്റ്ഔട്ട്, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ വീട്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ 100 മീറ്ററിൽ 12.69 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവപ്രിയ 1987-ലെ റെക്കോർഡ് മറികടന്നത്. തുടർന്ന് ദേശീയ കായികമേളയിലും മെഡലുകൾ സ്വന്തമാക്കി ദേവപ്രിയ തിളങ്ങിയിരുന്നു. ദേവപ്രിയ റെക്കോർഡ് കുറിച്ചയുടൻ തന്നെ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് വീട് വാഗ്ദാനം ചെയ്യുകയായിരുന്നു. 2025 ഒക്‌ടോബർ 29-ന് തറക്കല്ലിട്ട വീടിന്റെ നിർമ്മാണം ചുരുങ്ങിയ സമയത്തിനുള്ളിൽ അതിവേഗത്തിലാണ് പൂർത്തിയാക്കിയത്. വീട്ടിലേക്ക് ആവശ്യമായ കട്ടിലുകൾ, കിടക്കകൾ, സെറ്റി, ഡൈനിങ് ടേബിൾ, കസേരകൾ തുടങ്ങിയ മുഴുവൻ ഫർണിച്ചറുകളും ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റികളാണ് നൽകിയത്.

ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എം.എം. മണി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജോയിസ് ജോർജ്ജ്, കെ.പി. മേരി, റോമിയോ സെബാസ്റ്റ്യൻ, എം.ജെ. മാത്യു, പി.ബി. സബീഷ് എന്നിവർ സംസാരിച്ചു.






