ഇടുക്കി: 2018 ലാണ് രാമക്കൽമേടിന് സമീപം ആമപ്പാറയിൽ സൗരോർജ്ജ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചത്. 2022 മുതൽ ഒരു മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് കെ എസ് ഇ ബി യ്ക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം. 2022 ഇൽ തന്നെ ഉത്ഘാടനവും നടത്തി. ഈ കാലയളവിൽ ട്രയൽ റണ്ണിനായി ഏതാനും ദിവസം വൈദ്യൂതി ഉത്പാദിപ്പിച്ചെങ്കിലും പിന്നീട് പ്ലാന്റിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.
അനർട്ട് , സിഡാക്, കെൽട്രോൺ എന്നീ ഏജൻസികളുടെ സംയുക്ത സംരംഭമാണിത്. സിഡാക് തദ്ദേശീയമായി വികസിപ്പിച്ച ഗ്രിഡ്-ടൈ ഇൻവെർട്ടർ സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.സൗരോർജത്തിൽനിന്നും കാറ്റിൽ നിന്നും ഒരേ സമയം വൈദ്യുതി ഉൽപാദിപ്പിച്ച്,പ്രസരണ ലൈനുകളിലേക്ക് കടത്തിവിടുന്ന സംവിധാനമാണിത്.പദ്ധതിയുടെ ആദ്യഘട്ടത്തിൽ നാലേക്കറോളം വരുന്ന സ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിച്ചു. നെടുങ്കണ്ടം 66 കെവി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാൻ 11 കെവി ഫീഡറും തയ്യാറാക്കി.പക്ഷേ കോടികൾ പാഴായത് മാത്രം മിച്ചം
147 ഹെക്ടർ ഭൂമിയാണ് അനർട്ടിന് ഇവിടെയുള്ളത്. അക്ഷയ ഊർജ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കാറ്റാടിപ്പാടം യൂണിറ്റുകൾ സ്ഥാപിച്ച്, കാറ്റാടി യന്ത്രങ്ങൾ വഴി വൈദ്യുതി ഉല്പാദിപ്പിച്ച് കെഎസ്ഇബിക്ക് നൽകുക എന്നതായിരുന്നു ലക്ഷ്യം.ഒന്നാം ഘട്ടം പരാജയപ്പെട്ടതോടെ രണ്ടാംഘട്ടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിയ്ക്കാൻ സാധിച്ചിട്ടില്ല. സൗരോർജ്ജ പ്ലാന്റിൽ ഉണ്ടായ വീഴ്ചകൾ പരിഹരിച്ച് വൈദ്യുതി ഉല്പാദനം ആരംഭിച്ച ശേഷം രണ്ടാം ഘട്ടം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിയ്ക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.






