തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3.00 മുതൽ 5.30 വരെയാണ് സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനു ശേഷമായിരിക്കും ഓഫിസിൽ സന്ദർശകരെ കാണുക. മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുത്തിട്ടുള്ളവർക്കും ഈ സമയത്ത് ഓഫിസിലെത്തി മുഖ്യമന്ത്രിയെ കാണാം. ബുധനാഴ്ചയാണ് പുതിയ ക്രമീകരണം നിലവിൽ വരുന്നത്. മറ്റു ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തിൽ കണ്ട് പരാതി നൽകുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം. വൈകുന്നേരം 3.00 മുതൽ 5.00 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കും.
മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം






