Timely news thodupuzha

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി; പ്രമുഖ ഭൂകമ്പ-ഡാം സുരക്ഷാ വിദഗ്ദ്ധരടങ്ങുന്ന അഞ്ചംഗ സമിതി അണക്കെട്ടിൽ

കുമളി: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഘടനാപരമായ സുരക്ഷ വിലയിരുത്തുന്നതിനുള്ള ചരിത്രപരമായ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ (എൻ.ഡി.എസ്.എ.) നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച, ദേശീയതലത്തിൽ ശ്രദ്ധേയരായ അഞ്ചംഗ ഔദ്യോഗിക എൻജിനീയറിങ് വിദഗ്ദ്ധ സമിതിയാണ് അണക്കെട്ടിൽ നേരിട്ടെത്തി പരിശോധനകൾക്ക് തുടക്കം കുറിച്ചത്.

അണക്കെട്ടിലെത്തിയ സംഘം സെപ്റ്റംബർ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിലായി മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ട് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ നേരിട്ടെത്തി വിശദമായ പരിശോധനകൾ നടത്തും.നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി.) മുൻ സി.എം.ഡി. ശ്രീ. ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയിൽ അണക്കെട്ടുകളുടെയും ഭൂകമ്പ പ്രതിരോധത്തിന്റെയും മേഖലയിലെ പ്രമുഖരാണ് ഇത്തവണ ഉൾപ്പെട്ടിട്ടുള്ളത്. എൻ.എച്ച്.പി.സി. മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപാൽ ധവാൻ, ഐ.ഐ.ടി. റൂർക്കിയിലെ ഭൂകമ്പ എൻജിനീയറിങ് വിഭാഗം പ്രൊഫസറും ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് തലവനുമായ എം.എൽ. ശർമ്മ, ഗംഗാ പ്രളയ നിയന്ത്രണ കമ്മീഷൻ (ജി.എф.സി.സി.) മുൻ ചെയർമാൻ ഗുൽഷൻ രാജ്, ഒഡീഷ ജലവിഭവ വകുപ്പ് മുൻ റിട്ടയേർഡ് എൻജിനീയർ ഇൻ ചീഫ് കം സ്പെഷ്യൽ സെക്രട്ടറി അശുതോഷ് ദാഷ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കേരളത്തെ പ്രതിനിധീകരിച്ച് സംസ്ഥാന സർക്കാരിന്റെ അന്തർസംസ്ഥാന നദീജല തർക്ക പരിഹാര ഉപദേശകൻ ജെയിംസ് വിൽസൺ, ഇറിഗേഷൻ ചീഫ് എഞ്ചിനീയർ ആർ. പ്രിയേഷ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പരിശോധനാ വേളയിൽ സമിതിയെ അനുഗമിക്കുന്നുണ്ട്.പ്രധാന അണക്കെട്ടിന്റെ ഘടന, തുരങ്കങ്ങൾ, ബേബി ഡാം, ഗാലറിയിലെ ചോർച്ചയുടെ തോത് എന്നിവയാണ് വിദഗ്ദ്ധ സംഘം ആദ്യദിനം സൂക്ഷ്മമായി വിലയിരുത്തിയത്. ഡാമിന്റെ ഭൂകമ്പ പ്രതിരോധ ശേഷിയും കടുത്ത വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള ശേഷിയും വരും ദിവസങ്ങളിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹയത്തോടെ സമിതി പരിശോധിക്കും. 2022-ൽ ജോ ജോസഫ് നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയുള്ള ഈ പരിശോധന നടക്കുന്നത്.

നിലവിലെ അണക്കെട്ട് കാലപ്പഴക്കം ചെന്നതാണെന്നും അതിന്റെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നുമാണ് കേരളം സമിതിക്ക് മുന്നിൽ വ്യക്തമാക്കിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും നൽകുന്ന പുതിയ ഡാം നിർമ്മിക്കുക മാത്രമാണ് ഏക ശാശ്വത പരിഹാരമെന്ന തങ്ങളുടെ ശക്തമായ നിലപാട് കേരള പ്രതിനിധികൾ യോഗത്തിൽ വീണ്ടും ഉന്നയിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം സമിതി തയ്യാറാക്കുന്ന വിശദമായ സുരക്ഷാ റിപ്പോർട്ട് സുപ്രീംകോടതിക്ക് സമർപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *