ഇടുക്കി: കൃഷി നിലനിൽക്കാൻ മണ്ണും ജലവും പ്രകൃതിയും നിലനിൽക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. പ്രകൃതിസംരക്ഷണത്തെ കുറിച്ച് സംസാരിക്കുന്നവരെ പ്രതിലോമ ശക്തികൾ എതിർക്കുകയാണ്. സേവ് കുറിഞ്ഞി കൗൺസിലും മൂന്നാർ പരിസ്ഥിതി വന്യജീവി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച കുറിഞ്ഞി വാക്കത്തോൺ സമാപന ചടങ്ങിൽ ജി രാജ് കുമാർ അനുസ്മരണ പ്രഭാഷണം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു. കർഷക സംരക്ഷണമല്ല പ്രതിലോമ ശക്തികളുടെത്. മലയോര കർഷകർ എന്ന പേരിൽ അധിക്ഷേപം നടത്തിയവർ കൃഷി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല. കർഷകരുടെ പേരിൽ ടൂറിസം മാഫിയയാണ് പ്രവർത്തിക്കുന്നത്.ഇവർക്ക് ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ വരുമാനം വേണം. ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നത് സാധാരണക്കാർക്കാണ്. ആദ്യ ആവേശം കഴിഞ്ഞാൽ പിന്നിടാരും ആ കുടുംബങ്ങളെ നോക്കുന്നില്ല. ടൂറിസ്റ്റുകൾക്ക് വേണ്ടി മാത്രമല്ല, മുഴുവൻ ആവാസ വ്യവസ്ഥയും സംരക്ഷിക്കപ്പെടുന്നതിനാണ് കുറിഞ്ഞിയും പുൽമേടുകളും സംരക്ഷിക്കണമെന്ന് പറയുന്നത്. പുൽമേടുകൾ നിലനിന്നാലെ കുടിവെള്ളമടക്കം ലഭിക്കുകയുള്ളു. പ്രതിലോമ ശക്തികൾക്ക് കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിൽ താൽപര്യമില്ല. കയ്യേറ്റവും കുടിയേറ്റവും തിരിച്ച് കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനെ മറികടക്കാനാണ് പ്രതിലോമ ശക്തികൾ ശ്രമിക്കുന്നത് – കളക്ടർ പറഞ്ഞു. ചടങ്ങിൽ എം ജെ ബാബു അധ്യക്ഷത വഹിച്ചു. അഡീഷണൽ പി സി സി എഫ് ഡോ.പ്രമോദ് ജി കൃഷ്ണൻ കുറിഞ്ഞി സന്ദേശം നൽകി. പുൽമേടുകൾ വംശനാശ ഭീഷണി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വരയാടുകളും കുറിഞ്ഞിയും മുതുവാനും ഇല്ലാത്ത മൂന്നാറിനെ കുറിച്ച് ചിന്തിക്കാനാകില്ല.കെ എ എഫ് ഡി സി എം ഡി രാജൂ കെ ഫ്രാൻസിസ് ഉപഹാരങ്ങൾ നൽകി. ദേവികുളം സബ് കളക്ടർ വി എം ആര്യ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ വി ഹരികൃഷ്ണൻ, റിട്ട.. എ സി എഫ് ജെയിംസ് സഖറിയ, ഹൈറേഞ്ച് വന്യ ജീവി പരിസ്ഥിതി അസോസിയേഷൻ ചെയർമാൻ ബി പ്രമോദ് കൃഷ്ണൻ, ആദിവാസി മുതുവാ സമുദായ സംഘം പ്രസിഡൻ്റ് എം പാൽ രാജ്, പി ആർ ശ്രീകുമാർ, സോജൻ ജോർജ്, വി വിനോദ്, ആർ മോഹൻ എന്നിവർ സംസാരിച്ചു. ഷിലോ കെ ദേവ് സ്വാഗതവും മിനി മനോജ് നന്ദിയും പറഞ്ഞു.
കൃഷി നിലനിൽക്കാൻ മണ്ണും ജലവും പ്രകൃതിയും നിലനിൽക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ






