കലയന്താനി: ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് നാടിന് ശുചിത്വ സന്ദേശമേകി കലയന്താനി സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്. സംസ്ഥാന സർക്കാരിന്റെ ‘നിർമ്മലം’ ശുചിത്വ പരിപാലന ക്യാമ്പയിനുമായി സഹകരിച്ച് കലയന്താനി ടൗണിൽ എൻ എസ് എസ് വോളന്റിയർമാർ സംഘടിപ്പിച്ച ഫ്ലാഷ് മോബും ടൗൺ ശുചീകരണവും പൊതുജന ശ്രദ്ധയാകർഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി ഫിലിപ്പ് ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ സന്ദേശം നൽകുകയും ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയകുമാർ പി കെ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. “സമൂഹ സേവനത്തിലൂടെയുള്ള വ്യക്തിത്വ വികസനമാണ് നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രധാന ലക്ഷ്യം,” എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ലിനോമോൾ ജോസഫ്, വോളണ്ടിയർ ലീഡർമാരായ അഭിഷേക് രമേഷ്, അഭിരാമി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബും അനുബന്ധ ശുചീകരണ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്. ചടങ്ങിൽ സ്റ്റാഫ് പ്രതിനിധി അനിൽ എം. ജോർജ്ജ് നന്ദി രേഖപ്പെടുത്തി. പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളും ശുചീകരണ പ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരോടൊപ്പം പങ്കാളികളായി. പരിസര ശുചിത്വത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം, വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധതയും സംഘാടന മികവും തെളിയിക്കുന്നതായി മാറിയ ഈ ബോധവൽക്കരണ പരിപാടി നാടിന് മാതൃകയായി.
കലയന്താനിയിൽ ശുചിത്വ ബോധവൽക്കരണവുമായി എൻ.എസ്.എസ്. ഫ്ലാഷ് മോബ്






