Timely news thodupuzha

ഫാർമസി രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനം; സിസ്റ്റർ ലിനറ്റ് പാറത്തലക്കലിന് ഫാർമ രത്ന അവാർഡ്

തൊടുപുഴ: ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ ഫാർമ രത്ന അവാർഡ് തിരുഹൃദയ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിനറ്റ് പാറത്തലയ്ക്കലിന്(മോളി മാത്യു). ഒക്ടോബർ 27 ന് ന്യൂഡൽഹിയിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ ഓഫിസിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

മുതലക്കോടം പാറത്തലക്കൽ പി വി മാത്യു – തങ്കമ്മ ദമ്പതികളുടെ മകളായ മോളി മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും പ്രീഡിഗ്രിയും തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും ബി എസ്‌ സിയും പൂർത്തിയാക്കിയ ശേഷമാണു സന്യാസ ജീവിതം തെരെഞ്ഞെടുത്തത്.


തിരുഹൃദയ സന്യാസിനി സഭ അധികൃതർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡിപ്ലോമ ഇൻ ഫാർമസി കോഴ്സ് പഠിക്കുവാൻ അയച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ബി ഫാമും പൂർത്തിയാക്കി. മാനുഫാക്റ്ററിങ്ങ് രംഗത്തു പ്രവർത്തിക്കണമെന്നാണ് ആഗ്രഹിച്ചതെങ്കിലും സഭ അധികൃതർ, കാരിത്താസ് ഫാർമസി കോളേജിൽ അധ്യാപികയായി വിടുകയായിരുന്നു. അവിടെ ലെക്‌ചറർ ആയി പ്രവർത്തിച്ചു. ഇതിനിടെ പി എസ്‌ സി പരീക്ഷ എഴുതി ആലപ്പുഴ മെഡിക്കൽ കോളേജിൽ ഫാർമസി വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. നാല് വര്ഷം അവിടെ ജോലി ചെയ്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എം ഫാമും വിജയിച്ചു. മദർ നിർദേശിച്ചതനുസരിച്ചു പിഎച്ഡിയും ചെയ്തു. പ്രീഡിഗ്രി മുതൽ പിഎച്ച്ഡി വരെ നേടിയത് കേരള സർവകലാശാലയിൽ നിന്നാണ്. പതിനഞ്ചു വർഷത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോലി ചെയ്തു.
പിന്നീട് മുവാറ്റുപുഴ നിർമ്മല ഫാർമസി കോളേജിൽ പ്രിൻസിപ്പലായി രണ്ടുവർഷം പ്രവർത്തിച്ചു.

കാസർഗോഡ് മാലിക്കിനാർ ഫാർമസി കോളേജിൽ 13 വര്ഷം പ്രിന്സിപ്പലായിരുന്നു.
2007 ൽ കണ്ണൂർ
യൂണിവേഴ്സിറ്റിയിൽ ആദ്യ
റിസർച് ഗൈഡായും ജോലി ചെയ്തു. സേലം വിനായക മിഷൻ യൂണിവേഴ്സിറ്റി, കോയമ്പത്തൂർ കർപ്പകം യൂണിവേഴ്സിറ്റി, തഞ്ചാവൂർ പ്രിസ്റ്റ് യൂണിവേഴ്സിറ്റി, ഹൈദ്രബാദ് ജവഹർലാൽ നെഹ്‌റു ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും റിസേർച്ച് ഗൈഡായി പ്രവർത്തിച്ചിരുന്നു.
പതിനാറു റിസർച്ച് സ്കോളർമാർ
പിഎച്ച്ഡി ക്കും 30 എംഫാമുകർക്കും ഗൈഡായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ സെമിനാറുകളിലും സിമ്പോസിയങ്ങളിലും ആയി 68 ഓളം പേപ്പർ പ്രസന്റേഷൻ നടത്തി. 91ഇൻ്റർനാഷണൽ പബ്ലിക്കേഷൻസും ഉണ്ട്.

കഴിഞ്ഞ വർഷം ഫാർമസിയുടെ തലതൊട്ടപ്പനായ പ്രൊഫസർ എം എൽ ഷ്‌റോഫ് അവാർഡും സിസ്റ്റർ ലിനറ്റിന് ലഭിച്ചിരുന്നു. ഇപ്പോൾ പൈങ്കുളം തിരുഹൃദയ ഭവനത്തിൽ വിശ്രമജീവിതം നയിക്കുന്നു.
ഡോളി ജോർജ് (മുവാറ്റുപുഴ), അഡ്വ. ആനി ആനന്ദ് (കോയമ്പത്തൂർ), ബാബു മാത്യു, പരേതനായ ഷാജി മാത്യു എന്നിവർ സഹോദരങ്ങളാണ്.

Leave a Comment

Your email address will not be published. Required fields are marked *