നെടുങ്കണ്ടം: സുഹൃത്തുക്കൾക്കൊപ്പം തൂവൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ യുവാവ് വെള്ളച്ചാട്ടത്തിലെ കയത്തിൽ വീണ് മുങ്ങിമരിച്ചു. മാവടി കുഴിക്കൊമ്പ് പന്തലാട്ടിൽ സിനോജിന്റെ മകൻ അശ്വൻ (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.എറണാകുളത്തുനിന്നെത്തിയ നാല് സുഹൃത്തുക്കളും മാവടിയിലെത്തിയശേഷം അശ്വനോടൊപ്പം തൂവൽ വെള്ളച്ചാട്ടം കാണാനായി പോയതായിരുന്നു. സന്ദർശനത്തിനിടെ അശ്വന്റെ കാൽ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു.സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നെടുങ്കണ്ടത്തുനിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. പാതാളക്കരണ്ടി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.മൃതദ്ദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു അശ്വിൻ. ഇന്ന് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം വീട്ടുവളപ്പിൽ നടക്കും.ഷൈനിയാണ് മാതാവ്. ഐശ്വര്യ ഏക സഹോദരിയാണ്.
തൂവൽ അരുവിയിൽ യുവാവ് മുങ്ങി മരിച്ചു






