തൊടുപുഴ: ഇ എസ് എ യിൽ കേന്ദ്രത്തിന് നൽകിയ നിർദ്ദേശങ്ങളുടെ കെഡസ്ട്രൽ മാപ് പുറത്തിറക്കുക, സിഎച്ച്‌ആർ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറി യുക, ആനത്താരകൾ സൃഷ്‌ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, തോട്ടം മേഖലയിൽ വൈകിട്ട് 6.00 മുതൽ രാവിലെ 6.00 വരെയുള്ള സഞ്ചാര സ്വാതന്ത്ര്യവും ജോലിയും തടസ്സപ്പെടുത്തുന്ന ഉത്തരവ് പിൻവലിക്കുക, വന്യജീവി ആക്രമണം തടയുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും കർഷകർ നിർമ്മിച്ചിട്ടുളള ഫെൻസിംഗുകളും മതിലുകളും പൊളിക്കുന്നതിനുള്ള ഉത്തരവ് പിൻവലിക്കുക, കർഷകരെ ദ്രോഹിക്കുന്നതിനുവേണ്ടി യുഡിഎഫ് സർക്കാർ കളക്ടറെ ചട്ടു കുമാക്കി ഇറക്കുന്ന ഉത്തരവുകൾ പിൻവലിക്കുക, 2014 മെയ് 15 ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പു വെച്ചതും 2016 ൽ എൽഡി എഫ് സർക്കാർ ഉപേക്ഷിച്ചതുമായ എച്ച്ആർഎംഎൽ പദ്ധതി തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സി പി ഐ എം നേതൃത്വത്തിൽ ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഹർത്താലിനോട് അനുബന്ധിച്ചു 15ന് വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ റോമിയോ സെബാസ്റ്റ്യൻ, മുഹമ്മദ് ഫൈസൽ, ലിനു ജോസ്, സബീന ബിഞ്ചു തുടങ്ങിയവർ പങ്കെടുത്തു.
ഒക്ടോബർ 16ന് ഇടുക്കി ജില്ലാ ഹർത്താൽ നടത്തുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു






