ന്യൂഡൽഹി: 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് മൊഴി നൽകി പ്രതി സാഹിൽ. അവൾ എന്നെ അവഗണിച്ചു, അതുകൊണ്ടുതന്നെ തനിക്ക് ഈ കൊലപാതകത്തിൽ യാതൊരു പശ്ചാത്താപവുമില്ലെന്നായിരുന്നു സാഹിൽ പൊലീസിനു നൽകിയ മൊഴി.
ഞായറാഴ്ച്ച വൈകിട്ടാണ് ഈ അരുംകൊല നടക്കുന്നത്. ഡൽഹിയിലെ രോഹിണി റോഡിൽ വച്ച് സുഹൃത്തിന്‍റെ മകന്‍റെ പിറന്നാളാഹോഷത്തിന് പോയി മടങ്ങുകയായിരുന്ന സാക്ഷി ദീക്ഷിതെന്ന പെൺകുട്ടിയെ സാഹിലെന്ന 20 വയസുകാരൻ അതിക്രൂരമായി കൊലപ്പെടുത്തുന്നത്. 22 തവണയാണ് പ്രതി പെൺകുട്ടിയെ കുത്തിയത്. നിലത്തുവീണ പെൺകുട്ടിയെ കല്ലുപയോഗിച്ച് തലക്കടിച്ച് മരണം ഉറപ്പിക്കുകയുമായുമായിരുന്നു.
സാഹിൽ ലഹരിക്ക് അടിമയാണോ എന്നും പൊലീസ് പരിശോധിക്കും. ലഹരി ഉപയോഗത്തിന് ശേഷമാണോ കൊലപാതകം നടത്തിയതെന്ന സംശയവും പൊലീസ് മുന്നോട്ടുവയ്ക്കുന്നുണ്ട്. സാഹിലിനെ ഡൽഹി പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇന്നലെ യുപിയിൽ നിന്ന് പിടിയിലായ പ്രതിയെ രാത്രിയോടെ ഡൽഹിയിൽ എത്തിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.