പറ്റ്ന: സ്കൂളിൽ നിന്ന് മടങ്ങുന്നതിനിടെ നഴ്സറി വിദ്യാർഥികൾ ക്രൂരമായി ബലാത്സംഗത്തിന് ഇരകളായതായി റിപ്പോർട്ട്. ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ബിർപുരിലാണ് സംഭവം.
ചൊവ്വാഴ്ച സ്കൂളിൽ പോയി മടങ്ങി വരും വഴി സ്കൂൾ വാനിന്‍റെ ഡ്രൈവർ കുട്ടികളെ ബലാത്സംഗം ചെയ്തതായാണ് പരാതി. ഡ്രൈവർ സിക്കന്ദർ റായിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ചൊവ്വാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് രണ്ടു കുട്ടികളും രക്തം പുരണ്ട വസ്ത്രത്തോടെയാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുട്ടികൾ ആക്രമിക്കപ്പെട്ടതായി തുറന്നു പറഞ്ഞത്.
വീട്ടിലേക്ക് പോരുന്നതിനിടെ ആളില്ലാത്ത പ്രദേശത്തേക്ക് എത്തിച്ചാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്. കുട്ടികളുടെ രക്ഷിതാക്കൾ ഉടൻ തന്നെ ഡ്രൈവറെ പിന്തുടർന്നു പിടികൂടി.
കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇയാൾ റെക്കോഡ് ചെയ്തതായും റിപ്പോർട്ടുണ്ട്. പ്രതി എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുകയാണ്.
സ്കൂൾ മതിയായ അന്വേഷണം കൂടാതെയാണ് ഇയാളെ ഡ്രൈവർ പോസ്റ്റിലേക്ക് തെരഞ്ഞെടുത്തതെന്നും ആരോപണമുയരുന്നുണ്ട്. ആക്രമിക്കപ്പെട്ട കുട്ടികൾ നിലവിൽ ബെഗുസരായ് ആശുപത്രിയിൽ ചികിത്സയിലാണ്.