Timely news thodupuzha

logo

വിചിത്ര സർക്കുലറിൽ മാറ്റം വരുത്തി പൊലീസ്; നവ കേരള സദസ് നടക്കുന്ന രണ്ട് മണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുത്

ആലുവ: നവകേരള സദസിൻറെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര സർക്കുലറിൽ മാറ്റം വരുത്തി പൊലീസ്. നവ കേരള സദസ് നടക്കുന്ന രണ്ട് മണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്നാണ് കച്ചവടക്കാർക്ക് നൽകിയിരിക്കുന്ന പുതിയ നിർദേശം.

നവകേരള സദസ് നടക്കുന്ന ദിവസം മുഴുവൻ ഗ്യാസ് ഉപയോഗിക്കരുതെന്ന നിർദേശം വിവാദമായതോടെയാണ് പുതിയ സർക്കുലർ ഇറക്കിയത്. ആലുവ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കടകൾക്കാണ് ആലുവ ഈസ്റ്റ് പൊലീസിൻറെ നിർദേശം.

പാചകം പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളിൽ ഉണ്ടാക്കി കടയിൽ എത്തിച്ച് വിൽക്കണമെന്നും പൊലീസിന് നിർദേശത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം ഏഴിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സദസ് ആലുവ പ്രൈവറ്റ് ബസ് സ്റ്റാഡിൽ വച്ച് നടക്കുന്നുണ്ട്.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനും സുരക്ഷ ഉറപ്പാക്കുന്നതിൻറേയും ഭാഗമായി ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങൾ നൽകണമെന്നും പൊലീസ് നോട്ടീസിൽ പറയുന്നു.

പരിശോധനകൾക്ക് ശേഷം തൊഴിലാളികൾക്ക് താൽക്കാലിക തിരിച്ചറിയൽ കാർഡ് സ്റ്റേഷനിൽ നിന്ന് നൽകും. അതിനായി തൊഴിലാളികൾ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ രേഖയും നൽകണം. പൊലീസ് നൽകുന്ന തിരിച്ചറിയിൽ കാർഡ് ഇല്ലാത്തയാളുകളെ ഈ സ്ഥലത്ത് ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും പൊലീസിൻറെ വിചിത്ര സർക്കുലറിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *