Timely news thodupuzha

logo

സുരേഷ് ഗോപി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

കൊച്ചി: മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.

കേസിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിശദീകരണം.

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞു മാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു.

അപ്പോള്‍ തന്നെ സുരേഷ് ഗോപിയുടെ കൈതട്ടി മാറ്റിയ മാധ്യമ പ്രവര്‍ത്തക പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് കാട്ടിയുള്ള പരാതിയിൽ 354 എ വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് എടുത്തത്

കുറ്റപത്രത്തിൽ ഐ.പി.സി 354ആം വകുപ്പ് കൂടി ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. തന്നെ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഈ വകുപ്പ് ഉൾപ്പെടുത്തിയിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

ഹർജി ഹൈക്കോടതിയുടെ അവധിക്കല ബെഞ്ച് ഇന്ന് പരിഗണിക്കും. സംഭവം വിവാദമായതോടെ താൻ ആരെയും അപമാനിച്ചിട്ടില്ലെങ്കിലും, മാധ്യമ പ്രവർത്തകയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ മാപ്പു പറയുന്നുവെന്നു സുരേഷ് ഗോപി പിന്നീട് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നെങ്കിലും, ഇതു മാപ്പ് പറച്ചിലായി കണക്കാക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ച മാധ്യമ പ്രവർത്തക പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

ഒക്‌ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിനു ശേഷം മറ്റൊരു മാധ്യമ പ്രവർത്തകയെ ക്ഷുഭിതനായി അകറ്റി നിർത്തുകയും ചെയ്തിരുന്നു സുരേഷ് ഗോപി.

Leave a Comment

Your email address will not be published. Required fields are marked *