Timely news thodupuzha

logo

മരണ സംഖ്യ ഉയരുന്നു, ചാലിയാറിൽ ഡ്രോൺ പരിശോധന

മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 310 കടന്നെന്നാണ് അനൗദ്യോ​ദിക കണക്കുകൾ. ദുരന്തബാധിത മേഖലയിൽ തിരച്ചിൽ ഊർജിതമായി തുടരുകയാണ്. മേഖല ആറ് സോണുകളായി തിരിച്ച് 40 ടീമുകളാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്.

അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നിങ്ങനെയാണ് മറ്റ് അഞ്ച് സോണുകൾ. കരസേന, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുക.

ഓരോ ടീമിലും മൂന്ന് നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ട്.ചാലിയാറിലൂടെ നിന്ന് മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ഒഴുകിവരുന്നത് തുടരുന്നതിനാൽ ഇവിടെ ഇന്നും തിരച്ചിൽ ഊർജിതമാണ്. ഒരേസമയം മൂന്ന് രീതിയിലാണ് ചാലിയാറിൽ തിരച്ചിൽ പുരോ​ഗമിക്കുന്നത്.

40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. ഡ്രോൺ ഉപയോ​ഗിച്ചും ഹെലികോപ്റ്റർ ഉപയോഗിച്ചും സമാന്തരമായി മറ്റൊരു തിരച്ചിൽ പുരോ​ഗമിക്കുന്നു. ഇത് കൂടുതലും വനമേഖല കേന്ദ്രീകരിച്ചാണ്.

ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തുകയാണ്. ഇന്നു രാവിലെയും ചാലിയാറിൽ നിന്ന് മൃതദേഹ ഭാ​ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ബെയ്ലിപാലത്തിന്റെ നിർമാണം പൂർത്തിയായതോടെ ദുരന്തഭൂമിയിലേക്ക് സംവിധാനങ്ങളെത്തുന്നത് വേ​ഗത്തിലായിട്ടുണ്ട്.

തിരച്ചിലിന് വേണ്ടത്ര ജെസിബി, ഹിറ്റാച്ചി, കട്ടിങ് മെഷീൻ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ സംവിധാനങ്ങൾ ആവശ്യമെങ്കിൽ ഉടൻ എത്തിച്ചു നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 25 ആംബുലൻസ് ബെയ്ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടും.

മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ​ഗ്രോൺ പരിശോധന നടത്തും. ഇതിനായി ഡൽഹിയിൽ നിന്നും ഡ്രോൺ ബേസ്ഡ് റഡാർ ശനിയാഴ്ച എത്തും. നിലവിൽ ആറ് നായകളാണ് തിരച്ചിലിൽ സഹായിക്കുന്നത്.

തമിഴ്നാട്ടിൽ നിന്നെത്തിയ നാലു കഡാവർ നായകൾ കൂടി രക്ഷാദൗത്യത്തിന്റെ ഭാ​ഗമാകും. ‌മേപ്പാടി ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ഒൻപത് ദുരിതാശ്വാസ ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരെ മാറ്റി ഉണ്ട്.

മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂൾ, കോട്ടനാട് ഗവ സ്‌കൂൾ, മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂൾ, നെല്ലിമുണ്ട അമ്പലം ഹാൾ, കാപ്പുംക്കൊല്ലി ആരോമ ഇൻ, മേപ്പാടി മൗണ്ട് ടാബോർ സ്‌കൂൾ, മേപ്പാടി സെന്റ് ജോസഫ് ഗോൾസ് ഹൈസ്‌കൂൾ, തൃക്കൈപ്പറ്റ ഗവ ഹൈസ്‌കൂൾ, മേപ്പാടി ജി.എൽ.പി സ്‌കൂളുകളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

859 പുരുഷൻമാരും 903 സ്ത്രീകളും 564 കുട്ടികളും രണ്ട് ഗർഭിണികളുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കൾ ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കുന്നുണ്ട്. റേഷൻ കടകളിലും സപ്ലൈകോ വിൽപനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *