കല്‍പ്പറ്റ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാദൗത്യം നടത്തുന്നവര്‍ക്കും വിവിധ സേനകള്‍ക്കുമായി സന്നദ്ധ സംഘടനകളും വ്യക്തികളും കൊണ്ടുവരുന്ന ഭക്ഷണം ചൂരല്‍മല നീലിക്കാപ്പ് സെന്റ് മേരീസ് ചര്‍ച്ചിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ഫുഡ് കളക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കണമെന്ന് ജില്ലാ കലക്റ്റര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്ത പ്രദേശം ഉള്‍പ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാന്‍ ആരും ശ്രമിക്കരുത്. അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ഫോഴ്‌സുകള്‍ക്കുള്ള ഭക്ഷണം മേപ്പാടിയിലെ പൊതുവായ കിച്ചനിലാണ് ക്രമീകരിക്കുന്നത്. അവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തില്‍ ചൂരല്‍മലയില്‍ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററില്‍ എത്തിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ മുഖാന്തിരമാണ് നല്‍കുക.