കേഴിക്കോട്: എടച്ചേരിയിൽ സ്വകാര‍്യ ബസ് സ്കൂൾ വാഹനത്തിലിടിച്ച് 13 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരുക്കേറ്റു. കാർത്തികപ്പള്ളി എം.എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്.
വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസും, വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂൾ വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സ്കൂൾ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും വിദ‍്യാർത്ഥികളെയും നാട്ടുകാരും ഫയർഫോഴ്‌സിന്‍റെയും ദീർഘ ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ എടച്ചേരി പൊലീസ് സ്റ്റേഷനടുത്തുള്ള കളയാംവെള്ളി പാലത്തിനടുത്തുവെച്ചായിരുന്നു അപകടം. സ്കൂൾ ബസിലെ ഡ്രൈവർക്കും മുന്നിലിരുന്ന കുട്ടികൾക്കാണ് പരുക്കേറ്റത്.
പരുക്കേറ്റ കുട്ടികൾ വടകരയിലെ രണ്ട് സ്വകാര‍്യ ആശുപത്രികളിലായി ചികിത്സ തേടി. സ്കൂൾ വാഹനത്തിന്‍റെ ഡ്രൈവറെയും നെറ്റിക്ക് മുറിവേറ്റ ഒരു കുട്ടിയേയും ഉടനെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് തുടയെല്ലിന് പൊട്ടലുണ്ട്. ബസ് അമിത വേഗതയിലായതാണ് അപകടത്തിന് കാരണമെന്ന് സഞ്ചരിച്ച യാത്രക്കാർ പറഞ്ഞു.






