തൊടുപുഴ: 2022 മാർച്ച് 19നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ചീനിക്കുഴി സ്വദേശിയായ അബ്ദുൾ ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അഫ്സാന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് വീടിന് തീയിട്ട് കൊലപ്പെടുത്തുക ആയിരുന്നു. രക്ഷപ്പെടാനുള്ള മാർഗങ്ങളെല്ലാം തടസ്സപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു പ്രതി കൊല നടത്തിയത്. നാല് പേരെയും കിടപ്പുമുറിയിലെ ശൗചാലയത്തിൽ വെന്ത് മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. കേസിലെ വിചാരണ ഇടുക്കി ജില്ലാ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിൽ 25ന് ആരംഭിക്കും. വാദി ഭാഗത്തിന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സുനിൽ കുമാറും പ്രതിക്ക് വേണ്ടി സീനിയർ അഭിഭാഷകനായ അഡ്വ. സെബാസ്റ്റ്യൻ കെ ജോസ്, അഡ്വ. അനിൽ റ്റി.ജെ, അഡ്വ. സ്റ്റീഫൻ ജേക്കബ്, അഡ്വ. ടോണി റോയി എന്നിവരും ഹാജരാകും.